ഗ്യാസ് ക്ഷാമം തീർന്നു, കുറയാതെ വിലക്കയറ്റം

Share our post

കണ്ണൂർ: അമേരിക്ക – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു മാസം മുമ്പ് രാജ്യത്തുണ്ടായ പാചകവാതക ക്ഷാമത്തിന്റെ മറവിൽ ഹോട്ടലുകൾ വർദ്ധിപ്പിച്ച ഭക്ഷണവില, സിലിണ്ടർ വിതരണം സാധാരണ നിലയിലായിട്ടും വില കുറയ്ക്കാതെ ഹോട്ടലുടമകൾ.

ചായയ്ക്കും എണ്ണക്കടികൾക്കും ഊണിനും അഞ്ചു മുതൽ 25 രൂപ വരെയാണ് അന്നു കൂട്ടിയത്. ഇന്നും അതേ നിരക്കാണ് പല ഹോട്ടലുകളിലും. ചായയ്ക്കും എണ്ണക്കടികൾക്കും 15 മുതൽ 20 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകൾ ഏറെയാണ്. 120 രൂപയായിരുന്ന സദ്യക്ക് 140ഉം 60 രൂപയുടെ ഊണ് 80 രൂപയുമായിരുന്നു. ബിരിയാണിക്കും മന്തിക്കും ഇറച്ചി, മീൻ വിഭവങ്ങൾക്കും ഉയർന്ന നിരക്കുതന്നെ.

വാണിജ്യ സിലിണ്ടറുകളുടെ ദൗർലഭ്യം രൂക്ഷമായപ്പോൾ കരിഞ്ചന്തയിൽ 5000 രൂപ വരെ നൽകി സിലിണ്ടർ വാങ്ങിയ വ്യാപാരികളുണ്ട്. ഇന്ന് ഗ്യാസ് ലഭ്യത മെച്ചപ്പെട്ടിട്ടും അതിന്റെ ആശ്വാസം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. ഹോട്ടലുകൾ തോറും വ്യത്യസ്ത നിരക്കാണെന്നതും ശ്രദ്ധേയമാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കെട്ടിടവാടകയും ചൂണ്ടിക്കാട്ടിയാണ് ഉയർന്ന നിരക്കിനെ ഉടമകൾ ന്യായീകരിക്കുന്നത്. ക്ഷാമം പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ വില പൂർവസ്ഥിതിയിലാക്കാൻ അധികൃതർ ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. കൃത്യമായ വിലവിവരപ്പട്ടിക ഉറപ്പാക്കണമെന്നും ചൂഷണത്തിനെതിരേ കർശന നടപടി വേണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കീശ പൊള്ളിച്ച് ഇറച്ചിയും മീനും
ട്രോളിംഗ് നിരോധന കാലത്ത് കുത്തനെ കൂട്ടിയ മീൻവില, നിരോധനം നീങ്ങി മാർക്കറ്റിൽ മത്സ്യലഭ്യത കൂടിയിട്ടും ഹോട്ടൽ മെനുവിൽ വില താഴ്ന്നിട്ടില്ല. നത്തോലി, മത്തി, അയല തുടങ്ങിയ ചെറുമീനുകൾക്ക് മാർക്കറ്റിൽ കിലോയ്ക്ക് 200 രൂപയിൽ താഴെയാണ് വില. അയക്കൂറ, ആവോലി എന്നിവയ്ക്ക് 600 മുതൽ 1000 രൂപ വരെ. എന്നാൽ ഹോട്ടൽ തീൻമേശയിൽ വറുത്ത അയലയ്ക്ക് 80 മുതൽ 150 രൂപ വരെയും നത്തോലി പ്ലേറ്റിന് 100 രൂപയുമാണ്. അയക്കൂറ കഷണത്തിന് 120 മുതൽ 250 രൂപ വരെയും ചെറിയ ആവോലിക്ക് 150 മുതലും ഈടാക്കുന്നു. കോഴിയിറച്ചിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഓണത്തിനു മുമ്പ് കിലോയ്ക്ക് 270 മുതൽ 300 രൂപ വരെയായിരുന്ന കോഴിയിറച്ചി വില 180 രൂപയിലേക്ക് താണിട്ടും റസ്റ്റോറന്റുകളിൽ വർദ്ധിപ്പിച്ച നിരക്കുതന്നെ തുടരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!