ഇന്നും നാളെയും പൊള്ളും, 10 മുതൽ മഴയെന്ന് പ്രവചനം; സാധാരണയിലും നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും

Share our post

തിരുവനന്തപുരം ∙ കേരളത്തിൽ നിലവിൽ കാലവർഷം ദുർബലമെങ്കിലും വരും ദിവസങ്ങളിൽ മഴ കൂടുമെന്നാണ് പ്രവചനം . ഇന്നും നാളെയും ചൂട് ഇതേപടി തുടരും. 10 മുതൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴ ലഭിച്ചേക്കും. ഒപ്പം സാധാരണയിലും നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും. 10, 11 തീയതികളിൽ വ്യാപകമായി മഴ ലഭിക്കാം. തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

കൊല്ലമാകെ ചൂടിലാണ്
പുത്തൂർ ∙ തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്നിലൊന്നായി കുറഞ്ഞതോടെ കൊല്ലം കടുത്ത ചൂടിലാണ്. പുനലൂരിൽ ആണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയതെങ്കിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകളായ പാരിപ്പള്ളിയിൽ 33.8 ഡിഗ്രി സെൽഷ്യസ്, കാരുവേലിൽ 33.6, ചവറയിൽ 30.9 എന്നിങ്ങനെയാണ് ഇന്നലത്തെ ഉയർന്ന താപനില. കടൽക്കാറ്റിന്റെ സ്വാധീനമുള്ളതാണ് പടിഞ്ഞാറൻ മേഖലയിൽ ചൂട് കുറയാൻ കാരണം.

അസ്വാഭാവികമായി ചൂട് ഉയർന്നത് കാർഷിക മേഖലയ്ക്കും തിരിച്ചടിയായി. പച്ചക്കറിക്കൃഷിക്കു വിത്തിടുന്ന സമയമായതിനാൽ കർഷകർ ആശങ്കയിലാണ്. വെള്ളമൊഴിച്ചു കിളിർപ്പിച്ചാലും ചൂടിൽ തളിര് കരിഞ്ഞുപോകും. കൈത്തോടുകളിലും നീർച്ചാലുകളിലും ജലനിരപ്പ് താണതിനാൽ ഏലാകളിൽ കരക്കൃഷി നടത്തുന്നവരും ബുദ്ധിമുട്ടിലാണ്.

കൊല്ലം ജില്ലയിൽ 33% മഴക്കുറവ്
കാലവർഷം കുറഞ്ഞതും വടക്കു പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവുമാണ് ഇപ്പോഴത്തെ അസ്വാഭാവിക താപവർധനയ്ക്കു കാരണമെന്നു തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ.നീത കെ.ഗോപാൽ പറഞ്ഞു. ഈ വർഷം ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറവ് മൺസൂൺ മഴ ലഭിച്ചതിൽ മൂന്നാം സ്ഥാനത്താണ് കൊല്ലം ജില്ല. 52 % മഴക്കുറവുമായി വയനാടാണ് ഒന്നാമത്. 46 ശതമാനത്തിന്റെ കുറവാണ് ഇടുക്കിയിൽ. കൊല്ലത്ത് മഴക്കുറവ് 33%.

വടക്കു പടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങിയതോടെ മഴ മേഘങ്ങളില്ലാതെയായി. സൂര്യ രശ്മികൾ ഭൂമിയിലേക്കു ലംബമായി പതിക്കുന്ന സമയമാണിത്. മഴമേഘങ്ങളുടെ മറയില്ലാതെ സൂര്യരശ്മികൾ ഭൂമിയിലേക്കു പതിക്കുന്നതാണു ചൂടു ക്രമാതീതമായി വർധിക്കാൻ പ്രധാന കാരണം. അന്തരീക്ഷ ആർദ്രതയും (ഹ്യുമിഡിറ്റി) കൂടുതലാണ്. ഇതും ചൂടു കാരണമുള്ള അസ്വസ്ഥതയ്ക്കു കാരണമാണ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ ഈ ആഴ്ച പകുതിയോടെ മഴയെത്തുമെന്നാണു സൂചന.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!