ലഹരിഉപയോഗം അധ്യാപകരെ അറിച്ചതിന്റെ വൈരാഗ്യം;സഹപാഠിയുടെ മർദനത്തിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർന്നു

Share our post

തൊടുപുഴ: ഹോസ്റ്റലിൽ ലഹരി ഉപയോഗിച്ച വിവരം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക്, സഹപാഠിയുടെ ക്രൂരമർദനമേറ്റെന്ന് പരാതി. ഇടുക്കി ഹൈറേഞ്ച് സ്വദേശിയായ 19-കാരന്റെ ജനനേന്ദ്രിയം തകർത്തു. വലത് വൃഷണത്തിന് ഗുരുതരമായി പരിക്കേറ്റതിനാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.

തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽഫോൺ-ലാപ്ടോപ് സർവീസ് കോഴ്സിനുപഠിക്കുന്ന വിദ്യാർഥിയാണ് ക്രൂരമർദനത്തിന് ഇരയായത്. പ്രദേശത്തെ ഒരുവീട്ടിലാണ് വിദ്യാർഥികൾ താമസിക്കുന്നത്. ഇതിൽ ചിലർ പതിവായി കഞ്ചാവ് ഉപയോഗിക്കുന്നത് ഹൈറേഞ്ച് സ്വദേശിയും സുഹൃത്തുക്കളും അധ്യാപകരെ അറിയിച്ചു.

പ്രായപൂർത്തിയായ പ്രതിയുൾപ്പടെ ഓഗസ്റ്റ് 10-ന് ഉച്ചയ്ക്ക് ഒന്നരയോടെ മുറിയിൽ അതിക്രമിച്ചുകയറി സ്വകാര്യ ഭാഗത്തും നെഞ്ചത്തും നിരന്തരം ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. തൊടുപുഴ പോലീസ് പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ കേസെടുത്ത് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ കോടതിയിൽനിന്ന് ജാമ്യം കിട്ടി.മർദനമേറ്റ വിദ്യാർഥിയുടെ പിതാവ് അർബുദ ബാധിതനാണ്. ചികിത്സയ്ക്കായി പണം കണ്ടെത്താൻ കുടുംബം കഷ്ടപ്പെടുന്നതിനിടെ വായ്പയെടുത്താണ് കുട്ടിയെ പഠിക്കാൻ അയച്ചത്. മർദനത്തിന് കൂട്ടുനിന്ന മറ്റ് രണ്ട് പേർക്കെതിരേയും കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!