‘രണ്ടു മണിക്കൂറിനുള്ളിൽ കഴിക്കണം’; ഓണാഘോഷത്തിന് ഭക്ഷണം വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം
കോട്ടയം∙ റജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്നു മാത്രമേ ഓണാഘോഷ പരിപാടികൾക്കായി പാകം ചെയ്ത ഭക്ഷണം വാങ്ങാവൂ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷണപ്പൊതികളിൽ പാക്ക് ചെയ്ത തീയതിയും സമയവും രണ്ടുമണിക്കൂറിനുള്ളിൽ കഴിച്ചിരിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇൻസ്റ്റന്റ് പായസം പോലുള്ളവ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിലേ വിതരണം ചെയ്യാവു. ഗുണ നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ചേർക്കുന്നതും പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയാറാക്കുന്ന മറ്റു കേന്ദ്രങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ലബോറട്ടറി പരിശോധന നടത്തി ഉറപ്പുവരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും വൈദ്യ പരിശോധന നടത്തി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
