നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ…; പട്ടാപ്പകൽ ഒറ്റയാൻ കാർ തള്ളിനീക്കിയത് 100 മീറ്റർ; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Share our post

റാന്നി : അർബുദ ബാധിതനായ അച്ഛനും മകനും സഞ്ചരിച്ച കാറിനു നേരെ പട്ടാപ്പകൽ ഒറ്റയാന്റെ ആക്രമണം. കാർ കുത്തി മറിച്ചിടാൻ ആന 100 മീറ്ററോളം തള്ളി നീക്കി. പരുക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കുമ്പളത്താമൺ മേലേത്ത് ജോൺ എം.ജോർജും മകൻ ലിജിൻ ജോണും സഞ്ചരിച്ച കാറിനു നേരെയാണ് ആക്രമണം നടന്നത്

ഇന്നലെ രാവിലെ 11.30ന് വടശേരിക്കര മനോരമ മുക്ക്–കുമ്പളത്താമൺ റോഡിലാണു സംഭവം. വടശേരിക്കരയിൽ നിന്നു മരുന്നുകളും വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. ലിജിനാണു കാറോടിച്ചിരുന്നത്. വലിയ വളവ് തിരിഞ്ഞപ്പോൾ റോഡിന്റെ വലതു വശത്തെ റബർ തോട്ടത്തിൽ നിന്ന് ഒറ്റയാൻ ഇറങ്ങിവന്നു.

ലിജിൻ ബ്രേക്ക് ചവിട്ടി കാർ നിർത്തി. തുടർന്ന് അക്രമാസക്തനായ ആന കാർ മറിച്ചിടാൻ ശ്രമിച്ചു. കാർ ചെറുതായി ഉയർത്തുകയും ചെയ്തു. ഇതിനിടെ നൂറു മീറ്ററോളം കാർ നിരക്കി. ലിജിൻ ഹോൺ നിർത്താതെ അടിച്ചപ്പോൾ കാർ ഉപേക്ഷിച്ച് ആന ഇടതു വശത്ത് കല്ലാറിന്റെ തീരത്തേക്കിറങ്ങിപ്പോയി. ഒരു മീറ്റർ കൂടി കാർ തള്ളി നീക്കിയിരുന്നെങ്കിൽ കുഴിയിൽ വീഴുമായിരുന്നു. കാറിന്റെ ഡ്രൈവർ സീറ്റിനു സമീപത്തെ വാതിലും ചില്ലും തകർത്തു. വടശേരിക്കര പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും വനപാലകരും പൊലീസും സ്ഥലത്തെത്തി.

നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ…
‘ ‘നടുക്കം ഇനിയും മാറിയിട്ടില്ല…എല്ലാം നടന്നത് സെക്കൻഡുകൾക്കുള്ളിൽ. വളവിൽ കാറും കാട്ടാനയും ഒന്നിച്ചെത്തി. കാർ നിർത്തിയപ്പോൾ ആക്രമണം തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലാവാത്ത നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ…അതിനോടകം എല്ലാം അവസാനിപ്പിച്ച് ആന പോയി. സംയമനം കൈവിടാതെ വാഹനത്തിലിരുന്നതു കൊണ്ടു മാത്രം ഒന്നും സംഭവിച്ചില്ല. ഇവിടെ സ്ഥിരമായി കാട്ടാനകൾ ഇറങ്ങാറുണ്ട്. എന്നാൽ പട്ടാപ്പകൽ ഇതുപോലെ മുന്നിൽപ്പെടുമെന്നു കരുതിയില്ല. രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രമാണ്’’

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!