സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; ചെങ്കോട്ടയിൽ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച ധീരദേശാഭിമാനികളെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ചരിത്രപരമെന്നും എല്ലാ മനസുകളിലും വന്ദേമാതരം നിറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്തിന് മഹത്വമേറുന്നത്. 25 കോടി ജനങ്ങളെ ദാരിദ്യ മുക്തരാക്കി. ഇന്ത്യ ഇപ്പോള്‍ അതിവേഗത്തില്‍ വളരുന്ന ഒരു സാമ്പത്തിക ശക്തിയാണ്
2047ല്‍ ഇന്ത്യ പൂര്‍ണമായും വികസിത ഭാരതമാകും. കഴിഞ്ഞ 12 വര്‍ഷം കൊണ്ട് ഇന്ത്യയെ ദുര്‍ബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളില്‍ നിന്ന് ഒരു സുപ്രധാന സമ്പദ്‌വ്യവസ്ഥയാക്കി. ജനങ്ങളുടെ പരിശ്രമമാണ് ഈ മാറ്റത്തിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ചരിത്രത്തില്‍ ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു. വന്ദേമാതരത്തിന് ശേഷം ദേശീയ ഗാനവും ആലപിച്ചു. നിലവില്‍ കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി സ്‌ഫോടനത്തിന്റെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്.
‘സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയും ത്യാഗവും നന്ദിയോടെ സ്മരിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ രാജ്യം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. വരും കാലങ്ങളില്‍ രാജ്യത്തിന്റെ ഈ മുന്നേറ്റം കൂടുതല്‍ വേഗത്തിലാകട്ടെ’, സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
