മോഴയ്ക്ക് ഓണാഘോഷം! കണ്ണൂർ മഖ്ന നിരീക്ഷണത്തിൽ; വെടിവയ്ക്കുന്നത് ഓണത്തിനുശേഷം
ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിലും സമീപഗ്രാമങ്ങളിലും ഭീഷണിയായ മോഴയാനയെ മയക്കുവെടിവച്ചു പിടികൂടുന്നതു വൈകും. വനംവകുപ്പ് ഓപ്പറേഷൻ കണ്ണൂർ മഖ്ന (കെഎം1) എന്നു പേരിട്ട ദൗത്യം ഓണത്തിനുശേഷം നടക്കാനാണ് ഇനി സാധ്യത. മോഴയെ കണ്ടെത്താനാകാത്തതും പ്രതികൂല കാലാവസ്ഥയുമാണ് ദൗത്യം വൈകിക്കുന്നത്. മയക്കുവെടിവച്ചു പിടികൂടിയ ശേഷം ആനക്കൊട്ടിലിലാക്കി ദിവസങ്ങളോളം നിരീക്ഷിക്കണമെന്ന വിദഗ്ധനിർദേശവും ദൗത്യം വൈകാൻ കാരണമായി.
3 ആഴ്ച മുൻപാണ് മോഴയെ മയക്കുവെടിവച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വനമേഖലയിലേക്കു മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി ആനയെ നിരീക്ഷിക്കാൻ പ്രത്യേകസംഘം ആറളത്തെത്തിയതിനു പിന്നാലെ മോഴയാന ഉൾവനത്തിലേക്ക് കടന്നിരുന്നു. ഏതാനും ദിവസം മുൻപ് ആന വീണ്ടും ആറളം ഫാമിൽ തിരിച്ചെത്തിയതായി വ്യക്തമായതോടെ മയക്കുവെടിവയ്ക്കാനുള്ള നടപടികൾ പുനരാരംഭിച്ചു. എന്നാൽ, സാങ്കേതിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ആനയെ പിടികൂടിയശേഷം പാർപ്പിക്കാനുള്ള ആനക്കൊട്ടിൽ നിർമിക്കാൻ ഒരേ വണ്ണത്തിലും നീളത്തിലുമുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്നതിനുള്ള നടപടി കഴിഞ്ഞദിവസം പൂർത്തിയായിട്ടുണ്ട്. നിലവിൽ ആറളം ഫാമിനും ആറളം പുനരധിവാസ മേഖലയ്ക്കും ഇടയിലുള്ള പഴയ ഹെലിപാഡ് ഭാഗത്തെ പൊന്തക്കാട്ടിൽ മോഴയാന ഉള്ളതായാണ് സൂചന. അപകടകാരിയായ ആനയായതിനാൽ അതീവ ജാഗ്രതയോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്.
