കള്ളാടി മണ്ണിടിച്ചില്‍; ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച, അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

Share our post

കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കരാര്‍ കമ്പനിയെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും കുറ്റപ്പെടുത്തി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമ ദൃഷ്യാ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. നിര്‍മ്മാണ കമ്പനിക്ക് മുമ്പും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കി എന്നാണ് അമിക്കസ് ക്യൂറിയുടെ വിമര്‍ശനം.

ദുരന്ത സാധ്യതയുള്ള ഏതു നിര്‍മ്മാണവും അതോറിറ്റിക്ക് പരിശോധിക്കാന്‍ നിയമപരമായ അധികാരമുണ്ട്. കള്ളാടി പാലത്തിന് സമീപത്തെ മണ്‍കൂമ്പാരം അപകടകരമാണെന്ന് ദുരന്തനിവാരണ വിഭാഗം അഞ്ചു തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കരാര്‍ കമ്പനി അവഗണിച്ചു.

കരാറുകാരായ ദിലീപ് ബില്‍ഡ്‌കോണിന് മുമ്പും നിര്‍മ്മാണ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്ധ്രയിലെ അനഗപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്‌കോണ്‍ നിര്‍മ്മിച്ച ഫ്‌ലൈ ഓവര്‍ തര്‍ന്നുള്ള അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.

കമ്പനിയുടെ മുന്‍കാലചരിത്രം പരിശോധിച്ചു വേണം കരാര്‍ നല്‍കാന്‍. പരിസ്ഥിതിലോല പ്രദേശത്ത് കരാര്‍ നല്‍കുമ്പോള്‍ കര്‍ശന പരിശോധന വേണമായിരുന്നു എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. തുരങ്ക നിര്‍മ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവയ്ക്കാനും ശുപാര്‍ശയുണ്ട്.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിലവില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടുത്ത വെള്ളിയാഴ്ച കോടതി വിഷയത്തില്‍ തുടര്‍ നിലപാട് അറിയിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!