‘ആസൂത്രണ ബോര്‍ഡ് പരീക്ഷാ രേഖകള്‍ നല്‍കില്ല’; വിവരാവകാശ കമ്മീഷനെ വെല്ലുവിളിച്ച് പിഎസ്‌സി
Oplus_131072
തിരുവനന്തപുരം: വിവരാവകാശ കമ്മീഷനെ വെല്ലുവിളിച്ച് പിഎസ്‌സി. ആസൂത്രണ ബോര്‍ഡ് പരീക്ഷാ രേഖകള്‍ നല്‍കില്ലെന്നാണ് കമ്മീഷന്റെ നിലപാട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിക്ക് കൈമാറില്ലെന്ന് പിഎസ്‌സി അറിയിച്ചു. പരീക്ഷാ രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. പിഎസ്‌സിയുടെ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
വിവരാവകാശ കമ്മീഷന്‍ ഉത്തരവിന് വിലനല്‍കാതെയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥിയുടെ ആവശ്യം തള്ളുകയായിരുന്നു ചെയ്തത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവില്‍ അപ്പീല്‍ പോകുമെന്നും പിഎസ്‌സി അറിയിച്ചു.
അതേസമയം പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം തുടരുകയാണ്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്ഐടിക്ക് ഇതുവരെ 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം അന്വേഷിക്കുക. ഉദ്യോഗാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പരാതി നല്‍കുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് എസ്ഐടി നീക്കം. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
പിഎസ്‌സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്നാണ് എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിവേഗത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
