‘മര്യാദക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി എം എം മണി

Share our post

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എം എം മണി. ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരുമെന്നാണ് എം എം മണി പറഞ്ഞത്. പുരവെച്ച് താമസിക്കുന്ന സ്ഥലത്ത് കയ്യേറാന്‍ വന്നാല്‍ കൈകാര്യം ചെയ്യും. പൊലീസ് തങ്ങള്‍ക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്‌റ്റെന്നും എം എം മണി ചോദിച്ചു. നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.

കഞ്ഞിക്കുഴി മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കുടിയിറക്കല്‍ നീക്കങ്ങള്‍ക്കെതിരെയായിരുന്നു എം എം മണിയുടെ പ്രതികരണം. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. തങ്ങള്‍ വീട്ടില്‍ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്’, എം എം മണി പറഞ്ഞു.

താമസിക്കുന്ന സ്ഥലം 150 വര്‍ഷം മുന്‍പ് വനമായിരുന്നു എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. കൃഷിക്കാര്‍ കൃഷി ചെയ്യുന്നിടത്തോ, പുഴയോരത്തോ, താമസ സ്ഥലത്തോ ഇദ്യോഗസ്ഥര്‍ പിടിച്ചുകയറാന്‍ വന്നാല്‍ അവിടെവെച്ച് നേരിടും. അത്തരം സാഹചര്യങ്ങളില്‍ നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത്തരമൊരു സാഹചര്യം ഒരുക്കരുതെന്നും എം എം മണി പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനെതിരെയും എം എം മണി വിമര്‍ശനം ഉന്നയിച്ചു. വി ഡി സതീശന്‍ തിരുവനന്തപുരത്ത് ഇരുന്നാല്‍ മതിയെന്നും ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും മണി പറഞ്ഞു. തങ്ങളെ അടിച്ചാല്‍ തങ്ങളും തിരിച്ചടിക്കും. മാധ്യമങ്ങള്‍ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങള്‍ കടത്തി പറയുന്നില്ലെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!