റാസ് അല്‍ ഖൈമയില്‍ വയോധികയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
വയോധികയായ സ്ത്രീയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയ ഗള്‍ഫ് പൗരന് വധശിക്ഷ വിധിച്ച് കോടതി. ബുധനാഴ്ചയാണ് റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. മനപ്പൂര്‍വമുള്ള കൊലപാതകം, വധശ്രമം, വധഭീഷണി എന്നീ കുറ്റങ്ങള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.
പ്രതിയുടെ മകനെയും വധശ്രമത്തിനും വധഭീഷണിക്കും യഥാക്രമം ആറ് മാസവും മൂന്ന് മാസവും തടവ് വിധിച്ചിട്ടുണ്ട്. കൂടാതെ 10,000 ദിര്‍ഹം പിഴയും 100 ദിര്‍ഹം കോടതി ഫീയും ചുമത്തി. പ്രതികളുടെ പിടിച്ചെടുത്ത തെളിവുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അതേസമയം പ്രതി ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നയാളാണെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചിരുന്നു. തുടര്‍ന്ന് നടപടികള്‍ തുടങ്ങുന്നതിന് മുമ്പായി ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
റാസ് അല്‍ ഖൈമയില്‍ 2025 മെയ് ഏഴിനാണ് സംഭവം നടക്കുന്നത്. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 66കാരിയായ മാതാവും 36ഉം 38ഉം വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. 47കാരിയായ മറ്റൊരു മകളെയും പ്രതികള്‍ കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
