നേതാക്കൾ പഴയ നേതാക്കൾ തന്നെ, പക്ഷേ ഫ്ളക്സുകൾ പഴയ ഫ്ളക്സുകളല്ല
കണ്ണൂർ : തിരഞ്ഞെടുപ്പിന്റെ ഓളം പരത്തി നഗരത്തിൽ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നിറഞ്ഞുതുടങ്ങി. വളപട്ടണം പാലം കഴിഞ്ഞ് കണ്ണൂരിലേക്ക് പ്രവേശിക്കുന്നിടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പടുകൂറ്റൻ ബോർഡാണ് വരവേൽക്കുന്നത്.പിണറായി വിജയന്റെ വലിയ ഫോട്ടോയിൽ ‘മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ” എന്ന പ്രചാരണവാചകവും ഉൾപ്പെടുത്തിയിട്ടുണ്ട്.കണ്ണൂർ നഗരത്തിൽ പലയിടത്തായി ഇതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.മറ്റ് മുന്നണികളുടെ ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
മുമ്പൊന്നുമില്ലാത്ത വിധം വളരെ വലുതും ആകർഷണീയവുമാണ് ഇത്തവണത്തെ ബോർഡുകൾ. പുതിയതെരു എത്തുന്നതിനു മുൻപ് എൽ.ഡി.എഫ് അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ.വി.സുമേഷിന്റെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള പടുകൂറ്റൻ ഫ്ലക്സ് ആകർഷിക്കുന്നുണ്ട്. അഴീക്കോട് മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയും നിലവിലെ ജില്ലാ പ്രസിഡന്റുമായ വിനോദ് കുമാറിന്റെ ഫ്ലക്സും പുതിയതെരുവിൽ സ്ഥാപിച്ചിട്ടുണ്ട്.ബി.ജെ.പിയുടെ അഴീക്കോട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും ഇവിടെയാണ് പ്രവർത്തിക്കുന്നത് .
കഴിഞ്ഞ ദിവസമാണ് കണ്ണൂർ തെക്കീ ബസാറിൽ എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വലിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വത്തെ തുടർന്ന് കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് പ്രചരണബോർഡുകൾ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.ടി.ഒ.മോഹനൻ പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ യു.ഡി.എഫും ബോർഡുകളുമായി സജീവമാകും.നിലവിൽ എൽ.ഡി.എഫിന്റെ പ്രചരണ ബോർഡുകളാണ് അധികയിടത്തും സ്ഥാനം പിടിച്ചിരിക്കുന്നത്.
40 അടി ഉയരം, അത്യാകർഷകം
40 അടി ഉയരവും 20 വീതീയുമുള്ള വലിയ ഫ്ലക്സ് ബോർഡുൾ നഗരത്തിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇരുപതിനായിരം രൂപയ്ക്കുള്ളിലാണ് ഇതിന്റെ വില.
