ഇസ്രയേലിനെ പിണക്കാതിരിക്കാൻ സിനിമയ്ക്ക് വിലക്ക്; ഓസ്കർ നോമിനേഷൻ നേടിയ സിനിമ ഇന്ത്യയിൽ തടഞ്ഞു
ന്യൂഡൽഹി: ഇന്ത്യ-ഇസ്രയേൽ ബന്ധത്തെ ബാധിക്കുമെന്ന ഭയംകൊണ്ട് ഓസ്കർ നാമനിർദേശം ലഭിച്ച ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ഗാസ യുദ്ധത്തിനിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരിയായ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതം പ്രമേയമാക്കിയ ചിത്രമാണിത്.
ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് സംവിധാനം ചെയ്തത്. മുംബൈ ആസ്ഥാനമായുള്ള ജയ് വിരാത്ര എന്റർടൈൻമെന്റിന്റെ തലവൻ മനോജ് നന്ദ്വാനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫെബ്രുവരിയിലാണ് സിനിമ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ അനുമതിക്കായി നൽകിയതെന്ന് മനോജ് നന്ദ്വാന പറഞ്ഞു. മാർച്ച് 16-ന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിനാൽ മാർച്ച് ആറിന് റിലീസ് ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ, സിനിമയ്ക്ക് അനുമതി ലഭിച്ചില്ല. ഇന്ത്യ-ഇസ്രയേൽ ബന്ധത്തെ സിനിമ ബാധിക്കുമെന്ന് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായി അദ്ദേഹം ആരോപിച്ചു.
