വടകരയിൽ ഉണ്ടാക്കിയ പ്രശ്നം ഇവിടെയും ആവർത്തിക്കാതിരുന്നാൽ നന്ന് – ഷാഫി പറമ്പിൽ
ഇരിട്ടി: അല്പം വൈകിയെങ്കിലും എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ. യു.ഡി.എഫ്. പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർഥിയായി രണ്ടുദിവസം മുൻപ് പ്രഖ്യാപനം വന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്ള തിരക്കുകാരണം മണ്ഡലത്തിൽ എത്താൻ പറ്റാത്ത സണ്ണി ജോസഫിന് മണ്ഡലം കരുതിവെച്ചത് വലിയ സ്വീകരണമായിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് ബെംഗളൂരു വഴിയാണ് മട്ടന്നൂർ വിമാനത്താവളത്തിലിറങ്ങിയത്.
പയഞ്ചേരിമുക്കിൽനിന്ന് ആരംഭിച്ച റോഡ്‌ഷോയിൽ മലയോരമേഖലയിൽനിന്നെത്തിയ നൂറുകണത്തിന് പ്രവർത്തകർ അണിനിരന്നു. ഇരിട്ടി നഗരം ചുറ്റി ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. റോഡ്‌ഷോ പാതിപിന്നിട്ടപ്പോൾ കെ.പി.സി.സി. വൈസ് പ്രസിഡന്റും ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി. വഴിയിരികിൽ നിന്ന വോട്ടർമാരെയും പ്രവർത്തകരെയും കൈവീശിക്കാണിച്ച് ഇരുനേതാക്കളും നഗരത്തിൽ വലിയ ഓളം തീർത്തു.
പ്രവർത്തകരുടെ ആവേശം കാണുമ്പോൾ പേരാവൂരിൽ സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും. അതിനുള്ള പ്രവർത്തനമായിരിക്കണം ഇനിയുള്ള നാളുകളിൽ നടത്തേണ്ടതെന്ന് റോഡ്‌ഷോയ്ക്കുശേഷം നടന്ന യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. വടകരയിൽ ഉണ്ടാക്കിയപോലുള്ള പ്രശ്നം ഇവിടെയും ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്. ആരെയും വ്യക്തിപരമായി പരാമർശിക്കുകയല്ല. എന്താണ് വടകരയിൽ ഉണ്ടായതെന്നും ആരാണ് ഉണ്ടാക്കിയതെന്നും ജനങ്ങൾക്ക് നന്നായി അറിയാമായിരുന്നു എന്നതിന്റെ റിസൽട്ടാണ് പിന്നീട് ഉണ്ടായതെന്ന് കാഫർ പ്രയോഗത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഷാഫി പറഞ്ഞു.
പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, സജീവ് മാറോളി, വി.എ. നാരായണൻ, ജെയ്സൺ കാരക്കാട്ട്, പി.എ. നസീർ, വി. ഷാജി എന്നിവർ സംസാരിച്ചു.
