ഗ്യാസ് ബുക്കിങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവം

Share our post

തിരുവനന്തപുരം : ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സംസ്ഥാനത്തു സൈബർ തട്ടിപ്പുസംഘങ്ങൾ സജീവമാകുന്നെന്നു പൊലീസ്. സിലിണ്ടറുകളുടെ ലഭ്യതക്കുറവു മുതലെടുത്താണു തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം മൊബൈൽ ഫോണിലേക്കു സന്ദേശം വരുന്നു. തുടർന്ന് വാട്സാപ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ അയച്ചു നൽകും.

ഗ്യാസ് ബുക്കിങ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ കുടിശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിൻനമ്പറുകളും ചോർത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാവുകയും ചെയ്യുന്നതാണ് രീതി.

തട്ടിപ്പിൽ വീഴല്ലേ…

∙ അപരിചിത ലിങ്കുകൾ ഒഴിവാക്കുക: വാട്സാപ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

∙ സിലിണ്ടർ ബുക്കിങ്ങിനും പേയ്‌മെന്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.

∙ അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ ഏജൻസിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

∙ ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്.

∙ സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി റജിസ്റ്റർ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!