വയനാട്-കരിന്തളം 400 കെ.വി. ലൈൻ നഷ്ടപരിഹാരം: കണ്ണൂരിനും ഉഡുപ്പി- കാസർഗോഡ് പാക്കേജ്
ഇരിട്ടി: കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്ന വയനാട്-കരിന്തളം 400 കെവി ലൈൻ പദ്ധതിയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. ഒരു വർഷം മുന്പ് കെഎസ്ഇബി കൊണ്ടു വന്ന ഉഡുപ്പി-കാസർഗോഡ് നഷ്ടപരിഹാര പാക്കേജിൽനിന്ന് വലിയ മാറ്റമൊന്നുമില്ലാത്ത പാക്കേജാണ് കണ്ണൂരിനും പ്രഖ്യാപിച്ചിരിക്കുന്നത്. ലൈൻ കടന്നുപോകുന്ന കണ്ണൂർ ജില്ലയുടെ 87 കിലോമീറ്റർ ദൂരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പരിഗണിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പ് ധൃതിപിടിച്ചുള്ള പാക്കേജാണ് മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുണ്ട്. ഏതാനും മാസങ്ങൾക്ക് മുന്പാണ് ഉഡുപ്പി-കാസർഗോഡ് പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. ഉഡുപ്പി-കാസർഗോഡ്, കാസർഗോഡ്-വയനാട് ട്രാൻസ്മിഷൻ ലൈനുകൾ ഒരേ സംവിധാനത്തിന്റെ ഭാഗമായതിനാൽ അതേ പാക്കേജ് കണ്ണൂരിലും തുടരാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
ലൈൻ കടന്നുപോകുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയാണ് കണ്ണൂരിലെ പാക്കേജ് പ്രഖ്യാപിച്ചതെന്ന് ഭൂവുടമകളും കർഷകരും ചൂണ്ടിക്കാട്ടുന്നു. ഉഡുപ്പി-കാസർഗോഡ് മേഖലയിൽ ലൈൻ കടന്നുപോകുന്ന പ്രദേശം ഭൂരിപക്ഷവും തരിശു നിലങ്ങളും കൃഷിയിടങ്ങളുമല്ലാത്തതാണ്. എന്നാൽ കണ്ണൂരിൽ ലൈൻ കടന്നു പോകുന്ന 87 കിലോമീറ്ററും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളിലൂടെയാണ്. അതു കൊണ്ടു തന്നെ ഉഡുപ്പി-കാസർഗോഡ് പാക്കേജിനെക്കാൾ എന്തുകൊണ്ടും കൂടുതൽ നഷ്ടപരിഹാരത്തിന് കണ്ണൂരിലെ ഭൂമിക്കുണ്ടെന്ന് കർഷകർ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലയ്ക്ക് പ്രഖ്യാപിച്ച പാക്കേജ് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് സമരസമിതിയും കർഷകരും പറയുന്നു.
പാക്കേജിലെ നിർദേശങ്ങൾ ഇവയാണ്: ടവർ സ്റ്റാൻഡിംഗ് ഏരിയയ്ക്ക് ഭൂമിയുടെ ന്യായവിലയുടെ നാലിരട്ടിയുടെ (അതായത് ന്യായവിലയുടെ 340 ശതമാനം) 85ശതമാനം നഷ്ടപരിഹാരം നൽകും. റൈറ്റ് ഓഫ് വേ നഷ്ടപരിഹാരം ലൈൻ കോറിഡോറിന്, ഭൂമിയുടെ ന്യായവിലയുടെ ഇരട്ടിയുടെ (അതായത്, ന്യായവിലയുടെ 60%) 30% ആയിരിക്കും. മരം മുറിക്കൽ നഷ്ടപരിഹാരം – മുറിച്ച് നീക്കം ചെയ്യേണ്ട മരങ്ങൾക്ക് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടർ തീരുമാനിക്കുന്ന നഷ്ടപരിഹാരം നൽകും. ലൈൻ ഇടനാഴി പരന്ന പ്രതലമാണെങ്കിൽ, 46 മീറ്റർ വീതിക്ക് മരം മുറിക്കൽ നഷ്ടപരിഹാരം കണക്കാക്കും. കുന്നിൻ പ്രദേശങ്ങളിലും താഴ്വര പ്രദേശങ്ങളിലും ഇത് 30 മീറ്ററായി കണക്കാക്കും.
400 കെവി ട്രാൻസ്മിഷൻ ലൈനിന് കീഴിലുള്ള നിലവിലുള്ള വീടുകളുടെ പൂർണമായോ ഭാഗികമായോ നാശനഷ്ടങ്ങൾക്ക് (പിഡബ്ല്യുഡി എസ്റ്റിമേറ്റ് പ്രകാരം) പരമാവധി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഒരു സെന്റ് ഭൂമിയുടെ ന്യായവില 7000 രൂപയിൽ കുറവുള്ള പ്രദേശങ്ങളിൽ, ഒരു സെന്റിന്റെ ന്യായവില 7000 രൂപയായി ഉയർത്തി നഷ്ടപരിഹാരം കണക്കാക്കും.
ഓരോ ഭൂവുടമയ്ക്കും നൽകേണ്ട നഷ്ടപരിഹാരം മാർഗനിർദേശങ്ങൾക്കനുസൃതമായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ നിർണയിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കളക്ടർമാർ നടപടികൾ സ്വീകരിക്കണം.
കാസർഗോഡ്-വയനാട് 400 കെവി ട്രാൻസ്മിഷൻ ലൈനിന്റെ നിർമാണത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ള പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഒരു പ്രത്യേക കേസായി അംഗീകരിക്കും. മറ്റ് പ്രസക്തമായ കേസുകൾക്ക് ഇത് ബാധകമാകില്ല. കാസർഗോഡ്-വയനാട് 400 കെവി പ്രത്യേക നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബിഎൽ) വഹിക്കണം.
പതിരൊളിപ്പിച്ച പാക്കേജ്
വയനാട്-കരിന്തളം 400 കെവി വൈദ്യുതി ഇടനാഴിയുടെ പ്രത്യേക നഷ്ടപരിഹാര പാക്കേജിന് ശനിയാഴ്ച രാത്രി നടന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയെങ്കിലും പാക്കേജിൽ അവ്യക്തത തുടരുന്നു. വിശദാംശങ്ങൾ ഇനിയും വ്യക്തമാകാത്തത് കർഷകരെയും ഭൂവുമടകളെയും ആശങ്കയിലാക്കുന്നു. വയനാട് മുതൽ കരിന്തളം വരെ വരുന്ന 125 കിലോമീറ്റർ പവർ ഹൈവേക്ക് 1500 ഏക്കറിൽ അധികം കൃഷിഭൂമിയാണ് നഷ്ടപ്പെടുക. കണ്ണൂർ ജില്ലയിലെ പേരാവൂർ, ഇരിക്കൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ലൈൻ പൂർണമായും കൃഷിഭൂമിയിലൂടെയാണ്. റബർ, തെങ്ങ്, കവുങ്ങ്, കുരുമുളക്, പ്ലാവ്, മാവ് തുടങ്ങി വർഷങ്ങളുടെ അധ്വാനം കർഷകർക്ക് നഷ്ടപ്പെടും.
തുടക്കം മുതലേ പ്രശ്നങ്ങൾ
2016 ലാണ് 400 കെവി പവർ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഇറങ്ങുന്നതും സർവേ നടത്തുന്നതും. പ്രാരംഭ ഘട്ടത്തിൽ പദ്ധതി കടന്നുപോകുന്ന സ്ഥലം ഏതാണെന്നും എന്തൊക്കെയാണ് നഷ്ടപ്പെടുന്നതെന്ന കാര്യം പോലും കർഷകർക്ക് വ്യക്തമായിരുന്നില്ല. നടപടികൾ സുതാര്യവുമായിരുന്നില്ല. പല ഇടങ്ങളിലും കെഎസ്ഇബി കല്ലുകളിട്ടപ്പോൾ മാത്രമാണ് ലൈൻ കടന്നു പോകുന്ന സ്ഥലത്തെക്കുറിച്ച് ഭൂവുടമകൾ അറിഞ്ഞത്. 2023 ൽ ട്രാൻസ്ഗ്രിഡ് അധികൃതർ ടവർ നിർമാണവുമായി ബന്ധപ്പെട്ട് കൃഷി ഭൂമിയിൽ നേരിട്ട് എത്തിയതോടെയാണ് കർഷകരും കർമസമിതി അംഗങ്ങളും ചേർന്ന് തടയുകയും ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.
നിരവധി ചർച്ചകൾ
പ്രതിഷേധം ശക്തമായതോടെ എംഎൽഎമാരായ സണ്ണി ജോസഫ് , സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കർമസമിതി നേതാക്കളും കർഷകരും ഉദ്യോഗസ്ഥ തലത്തിലും ജില്ലാകളക്ടറുടെ സാന്നിധ്യത്തിലും നിരവധി തവണ ചർച്ച നടത്തി. ചർച്ചകൾ തീരുമാനത്തിലെത്താത്തതിനാൽ മന്ത്രിതലത്തിലും ചർച്ചകൾ നടന്നു. എങ്കിലും കർഷകരുടെ ആവശ്യങ്ങൾ വേണ്ട രീതിയിൽ ഒരിക്കലും പരിഗണിക്കപ്പെട്ടിരുന്നില്ല. സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാം പരിഹരിക്കപ്പെടുന്ന പദ്ധതിയെന്ന് ആവർത്തിച്ചതല്ലാതെ നഷ്ടപരിഹാരത്തെക്കുറിച്ച് വ്യക്തമായ മറുപടി ആരും നൽകിയുമില്ല. അതേ സമയം കെഎസ്ഇബിക്ക് വരുമാനം വർധിപ്പിക്കുന്ന പദ്ധതിയിൽ സ്ഥലം നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു സ്ഥലം ഉടമകളുടെ ആവശ്യം.
നഷ്ടപരിഹാര പാക്കേജുകൾ
പദ്ധതി ആരംഭ ഘട്ടത്തിൽ വളരെ തുച്ഛമായ നഷ്ട്ടപരിഹാര പാക്കേജാണ് കെഎസ്ഇബി മുന്നോട്ടു വച്ചത്. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവും ആയിരുന്നു കെഎസ്ഇബി മുന്നോട്ടു വച്ച നഷ്ടപരിഹാരം. എന്നാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിക്ക് ഇത് തുച്ഛമായ നഷ്ടപരിഹാരമായിരുന്നു. 40 മീറ്റർ വീതിയിൽ കടന്നുപോകുന്ന ലൈനിന് കീഴെ യാതൊരു തരത്തിലുമുള്ള കൃഷി ഉൾപ്പെടെ നടത്താൻ കഴിയില്ലായിരുന്നു.
ഇതിനെതിരെ കർഷകർ ശക്തമായി പ്രതിഷേധിച്ചു. പദ്ധതിയുടെ പ്രവർത്തനം നടത്താൻ കഴിയാതെ വന്നതോടെ കെഎസ്ഇബി കർണാടക മോഡൽ പാക്കേജ് കേരളത്തിലും നടത്താമെന്ന് സമ്മതിച്ചെങ്കിലും കർഷകർ സമ്മതിച്ചില്ല . കർണാടക മോഡൽ പാക്കേജിൽ ടവർ സ്ഥാപക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് നാലിരട്ടിയുടെ 15 ശതമാനവുമായിരുന്ന നഷ്ടപരിഹാരം. കേരളത്തിൽ വേണ്ടത് കേരള മോഡൽ നഷ്ടപരിഹാരം ആണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ കെഎസ്ഇബിയുടെ ഈ നഷ്ടപരിഹാര പാക്കേജും തള്ളുകയായിരുന്നു.
കർഷകരുടെ ആവശ്യം
വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായ കൃഷിയും വരുമാന മാർഗവും നഷ്ടപ്പെടുന്ന കർഷകന് മാർക്കറ്റ് വില അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം വേണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതിനായി എംഎൽഎമാരുടെ സാന്നിധ്യത്തിൽ കർഷകരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും സംയുക്തമായി നടത്തിയ യോഗത്തിൽ രണ്ടു നിർദേശങ്ങളാണ് മന്ത്രിക്ക് സമർപ്പിച്ചത്.
ഒന്ന് ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരു ലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50000 രൂപയും നൽകണമെന്നായിരുന്നു. രണ്ടാമത്തെ നിർദേശം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 10 ഇരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് അഞ്ച് ഇരട്ടിയും ലഭിക്കണം എന്നായിരുന്നു . കൂടാതെ വീടുകൾക്ക് മുകളിലൂടെ ലൈൻ കടന്നുപോകുമ്പോൾ വീടിന് ചതുര അടിക്ക് 2500 രൂപ നഷ്ടം വേണമെന്നും നിർദേശിച്ച . ഇവ രണ്ടുമല്ലതെ മറ്റൊരു ചർച്ചക്കും ഒത്തുതീർപ്പിനും തയാറല്ലെന്നും മന്ത്രിയെ അറിയിച്ചിരുന്നു.
