ഒരു കപ്പലെത്തിയാൽ 28 ലക്ഷം സിലിണ്ടറുകൾ, വേണ്ടത് 50 ലക്ഷം; ആ രണ്ട് കപ്പലെത്തിയാൽ പ്രതിസന്ധി തീരുമോ?
ന്യൂഡൽഹി ∙ എൽപിജി ക്ഷാമത്തെ തുടർന്നുള്ള വിതരണ നിയന്ത്രണം മൂലം പരിഭ്രാന്തരായ ജനം മുൻകരുതലായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നെന്നു കണക്കുകൾ. സാധാരണ ഗതിയിൽ ഒരു ദിവസം ഇന്ത്യയിൽ 50 മുതൽ 55 വരെ ലക്ഷം സിലിണ്ടറുകളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 75 മുതൽ 76 ലക്ഷം വരെയായി വർധിച്ചു. സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടെന്നും സർക്കാർ ആവർത്തിക്കുമ്പോഴും ജനം കരുതൽ ബുക്കിങ് തുടരുകയാണ്.
∙ ഒരു എൽപിജി കപ്പലെത്തിയാൽ എത്ര സിലിണ്ടർ നിറയും?ഒരു കപ്പലിൽ ഏതാണ്ട് 40,000 മുതൽ 50,000 വരെ ടൺ വരെ എൽപിജി എത്തിക്കാനാകും എന്നാണ് കണക്ക്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൽ 14.2 കിലോ എൽപിജി നിറയ്ക്കാം. അങ്ങനെയെങ്കിൽ 40,000 ടൺ എൽപിജി കൊണ്ട് 28 ലക്ഷം സിലിണ്ടറുകൾ നിറയ്ക്കാനാകും. ഇനി ഇത് 50,000 ടൺ ആണെങ്കിൽ 35 ലക്ഷം സിലിണ്ടർ നിറയ്ക്കാം.
ഇന്ത്യയിൽ ഒരു ദിവസം 80,000 മുതൽ 85,000 വരെ ടൺ എൽപിജിയാണ് ഉപയോഗിക്കുന്നത്. 50 ലക്ഷത്തിനു മുകളിൽ എൽപിജി സിലിണ്ടറുകളാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ ഒരു കപ്പലിൽ എത്തിക്കുന്ന എൽപിജി ഉപയോഗിച്ച് അരദിവസം മാത്രം ഉപയോഗിക്കാനുള്ള എൽപിജിയേ ലഭിക്കൂ. മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ മാത്രം കണക്കാണിത്. നിലവിൽ പാചക വാതക ഉപയോഗം ഇന്ത്യയിൽ കൂടിയിട്ടുണ്ട്. ക്ഷാമം ഭയന്ന് ആളുകൾ കൂടുതൽ പാചക വാതകം സ്റ്റോക്ക് ചെയ്യുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. കേരളത്തിൽ ഏതാണ്ട് 7000 ടൺ വാതകമാണ് ഒരു ദിവസം ഉപയോഗിക്കുന്നത്.
ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകളാണ് അടുത്ത ദിവസം ഇന്ത്യയിലെത്തുക. ഈ രണ്ടു കപ്പലുകളിലും കൂടി 92,700 മെട്രിക് ടൺ എൽപിജിയാണ് എത്തുന്നത്. അങ്ങനെയാണെങ്കിൽ 65.3 ലക്ഷം സിലിണ്ടറുകൾ നിറയ്ക്കാനാകും. വാണിജ്യാവശ്യത്തിനുള്ള 19 കിലോ സിലിണ്ടറാണെങ്കിൽ ഈ കണക്കുകളിൽ മാറ്റം വരും. 40,000 ടൺ വാതകം 21 ലക്ഷം സിലിണ്ടറില് നിറയ്ക്കാം. 92,700 ടൺ കൊണ്ട് ഏതാണ്ട് 48.8 ലക്ഷം സിലിണ്ടറുകൾ നിറയ്ക്കാം.
∙ ഇനി പിഎൻജി യുഗംഎൽപിജിക്ക് പകരം പൈപ്പ്ഡ് നാച്യുറൽ ഗ്യാസിലേക്ക് (പിഎൻജി) മാറാൻ പെട്രോളിയം മന്ത്രാലയം ജനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ 1.5 കോടിയിലേറെ പിഎൻജി കണക്ഷനാണുള്ളത്. നമുക്ക് ആവശ്യമുള്ള പിഎൻജിയുടെ പകുതിയും ഇവിടെത്തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. നിലവിൽ കണക്ഷൻ എടുത്തവരെ ഇപ്പോഴത്തെ എൽപിജി ക്ഷാമം ബാധിക്കുന്നുമില്ല. രാജ്യത്തെ 33 കോടി എൽപിജി ഉപഭോക്താക്കളിൽ 60 ലക്ഷം പേർക്ക് നിലവിൽ പിഎൻജിയിലേക്ക് മാറാനാവും. ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ഇതിലൂടെ എൽപിജി ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനും വിതരണം സുഗമമാക്കാനും കഴിയും. അതേസമയം, നിലവിൽ പിഎൻജിയിലേക്ക് മാറിയവരുടെ എൽപിജി കണക്ഷൻ റദ്ദാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളിൽ എൽപിജി ക്ഷാമം മൂലം പ്രവർത്തനം നിർത്തേണ്ടിവന്ന ഹോട്ടലുകളിൽ വേഗം പിഎൻജി കണക്ഷനെടുക്കാനും സർക്കാർ ആവശ്യപ്പെട്ടു. അതിനായി സിറ്റി ഗ്യാസ് വിതരണ കേന്ദ്രങ്ങളെ ബന്ധപ്പെടണം.
പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ക്ഷാമം പരിഹരിക്കാൻ മാർച്ച് 8 നാണ് സർക്കാർ അവശ്യവസ്തു നിയമം എൽപിജിക്കുമേൽ നടപ്പിലാക്കിയത്. ഗാർഹിക ആവശ്യങ്ങൾക്കു മുൻഗണന നൽകുകയും രാജ്യത്തെ റിഫൈനറികളോട് എൽപിജി ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് മുൻഗണന. ആഭ്യന്തര എൽപിജി ഉൽപാദനം 30% വർധിപ്പിച്ചാണ് ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നത്. ഇതിനൊപ്പം, എൽപിജിയുമായി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ കപ്പലുകളെ നയതന്ത്ര നീക്കത്തിലൂടെ രാജ്യത്തേക്ക് എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എൽപിജിയുമായെത്തിയ രണ്ട് കപ്പലുകൾ ഹോർമുസ് കടന്നിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽപിജിയുടെ 90% ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്.
