കലാപ്രവർത്തകർക്ക് കൈത്താങ്ങ്; ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കലാപ്രവർത്തകർക്ക് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് വഴി നൽകി വരുന്ന വിവിധ ധനസഹായങ്ങൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ നൽകിവരുന്ന സൂപ്പറാന്വേഷൻ പെൻഷൻ 4000 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തി. 2016ൽ 1000 രൂപ മാത്രമായിരുന്ന പെൻഷൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂന്ന് ഘട്ടങ്ങളിലായാണ് 4000 രൂപയിലെത്തിച്ചത്. ഈ തുകയാണ് ഇപ്പോൾ 5000 രൂപയായി വർധിപ്പിച്ചത്. കൂടാതെ, കുടുംബ പെൻഷനും അവശതാ പെൻഷനും 1100 രൂപയിൽ നിന്നും 1600 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. 2016ൽ 750 രൂപയായിരുന്ന കുടുംബ പെൻഷനാണ് ഇപ്പോൾ 1600 രൂപയായി വർധിപ്പിച്ചത്.
കലാപ്രവർത്തകരുടെ ചികിത്സാ ധനസഹായ പദ്ധതിയിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ആജീവനാന്ത ചികിത്സാ സഹായം ഒന്നര ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം രൂപയായി വർധിപ്പിച്ചു. മുൻപ് ഒരു തവണ മാത്രം ലഭിച്ചിരുന്ന ഈ സഹായം ഇനി മുതൽ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ മാരക രോഗങ്ങൾ പിടിപെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെ ആവർത്തന ധനസഹായമായി ലഭിക്കും. 2016-ൽ വെറും 75,000 രൂപയായിരുന്ന ചികിത്സാ സഹായമാണ് ഈ സർക്കാർ രണ്ട് ലക്ഷം രൂപയായി ഉയർത്തിയത്. മറ്റ് ആനുകൂല്യങ്ങളിലും വലിയ വർധനവ് വരുത്തിയിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയിൽ നിന്നും 50,000 രൂപയായും, മരണാനന്തര ധനസഹായം 10,000 രൂപയിൽ നിന്നും 25,000 രൂപയായും വർധിപ്പിച്ചു. കലാകാരന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ വർധനവ് ഉപകരിക്കും.
അർഹരായ 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്ക് അംഗത്വത്തിന് ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. യോഗ്യരായവർ 2026 ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തിനകം 10 വർഷത്തെ അംശദായം ഒന്നിച്ചടച്ച് അംഗത്വത്തിനായി അപേക്ഷിക്കേണ്ടതാണ്. ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
