മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം: കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം, വധശ്രമക്കുറ്റം തള്ളി
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു. പ്രതിഷേധത്തിൽ അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സെഷൻസ് കോടതി. മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയ പോലീസിന്റെ നടപടിയിൽ പ്രഥമദൃഷ്ട്യാ യാതൊരു തെളിവുകളുമില്ലെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി നിരീക്ഷിച്ചു. ആയുധം ഉപയോഗിച്ചതിനോ മന്ത്രിയെ വധിക്കാൻ ശ്രമിച്ചതിനോ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അഞ്ച് കെ.എസ്.യു. പ്രവർത്തകർക്കും ജാമ്യം അനുവദിച്ചത്.
കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രവർത്തകരെയാണ് കരിങ്കൊടി പ്രതിഷേധത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആയുധങ്ങളുമായി എത്തി മന്ത്രിയുടെ കഴുത്തിന് നേരെ അക്രമം നടത്തിയെന്നും കൊല്ലുമെന്ന് ആക്രോശിച്ചുവെന്നുമാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള യാതൊരു തെളിവുകളും കോടതിയിൽ സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല.
ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന പോലീസിന്റെ വാദത്തെ മെഡിക്കൽ റിപ്പോർട്ടുകൾ ഒട്ടും പിന്തുണയ്ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മന്ത്രിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയിലോ മെഡിക്കൽ സർട്ടിഫിക്കറ്റിലോ ആയുധം കൊണ്ടുള്ള ആക്രമണത്തെക്കുറിച്ചോ അതുകൊണ്ടുണ്ടായ പരിക്കുകളെക്കുറിച്ചോ പരാമർശമില്ല. കൂടാതെ, പ്രതികളെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിട്ടും ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധം കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതും കോടതി നിരീക്ഷിച്ചു.
