പരിക്കേറ്റ മേയർ ആസ്പത്രിയിൽ; കൗൺസിലർക്കും സി.പി.എം.പ്രവർത്തകർക്കും പരിക്ക്
കണ്ണൂർ : കണ്ണൂരിൽ എൽ.ഡി.എഫ്. നടത്തിയ കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെ സംഘർഷം. മേയർ പി.ഇന്ദിര, യു.ഡി.എഫ്. കൗൺസിലർ പി.ദീപ എന്നിവർക്കും സി.പി.എം. പ്രവർത്തകരായ പി.എം.സാജിദ്, ഫാത്തിമ വാഴയിൽ, ഡാലിയ ഗ്രേസ് എന്നിവർക്കും പരിക്കേറ്റു.
മേയറും കൗൺസിലർ ദീപയും ജില്ലാ ആസ്പത്രിയിലും സി.പി.എം. പ്രവർത്തകർ സഹകരണ ആസ്പത്രിയിലും ചികിത്സ തേടി. എം.എൽ.എ. പദ്ധതികൾക്ക് കോർപ്പറേഷൻ അനുമതി നിഷേധിക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ്. കണ്ണൂർ മണ്ഡലം കമ്മിറ്റി കോർപ്പറേഷനിലേക്ക് ചൊവ്വാഴ്ച മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചിരുന്നു. രാവിലെ 8.30-ഓടെ എൽ.ഡി.എഫ്. പ്രവർത്തകർ കോർപ്പറേഷനിലെത്തിയതോടെ ധർണ പൊടുന്നനെ ഉപരോധ സമരമായി മാറി. പ്രധാന ഗേറ്റ് അകത്തുനിന്ന് പൂട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. അകത്തും പുറത്തുമായി എൽ.ഡി.എഫ്. പ്രവർത്തകർ നിലയുറപ്പിച്ചു.
9.15-ഓടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ പ്രധാന ഗേറ്റിലെത്തിയ മേയറെയും കൗൺസിലർമാരെയും എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു. ഇതോടെ മേയറും സി.പി.എം. പ്രവർത്തകരും പരസ്പരം വാക്കേറ്റമായി. അതിനിടയിൽ കൂടുതൽ യു.ഡി.എഫ്. പ്രവർത്തകരും കൗൺസിലർമാരും എത്തിയതോടെ സംഘർഷത്തിലേക്ക് നീങ്ങി.
ഗേറ്റ് തുറന്ന് ഓഫീസിലേക്ക് പോകാൻ വഴിയൊരുക്കണമെന്ന് സ്ഥലത്തുണ്ടായിരുന്ന എ.സി.പി. ആർ.ഹരിപ്രസാദ്, ടൗൺ പോലീസ് ഇൻസ്പെക്ടർ പി.അനൂപ് എന്നിവരോട് പറഞ്ഞെങ്കിലും പോലീസ് ഇടപെട്ടില്ല. അതോടെ ക്ഷുഭിതരായ മേയറും ഡെപ്യൂട്ടി മേയറും യു.ഡി.എഫ്. കൗൺസിലർമാരും നേതാക്കളും റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു.
ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജും സ്ഥലത്തെത്തി. നിഷ്‌ക്രിയത്വത്തിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥരുമായി കോൺഗ്രസ് നേതാക്കൾ തർക്കിച്ചു.
എൽ.ഡി.എഫ്. കൺവീനർ എൻ.ചന്ദ്രനും ഡി.സി.സി. പ്രസിഡന്റും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ കോർപ്പറേഷന്റെ പിൻഭാഗത്ത് ഇരുമ്പുപാളികൊണ്ട് അടച്ച വഴി ബലം പ്രയോഗിച്ച് തുറന്ന് മേയറും കൗൺസിലർമാരും അകത്ത് കയറി. ഇതോടെ അകത്തുണ്ടായിരുന്ന എൽ.ഡി.എഫ്. പ്രവർത്തകർ കൂട്ടമായെത്തി പ്രധാന കവാടത്തിൽ മേയറെ തടഞ്ഞു. യു.ഡി.എഫ്. പ്രവർത്തകരും ഓടിയെത്തിയതോടെ വൻ സംഘർഷത്തിലേക്ക് നീങ്ങി.
എൽ.ഡി.എഫ്.-യു.ഡിഎഫ്. പ്രവർത്തകർ തമ്മിൽ കൈയാങ്കളിയായി. വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. അതിനിടയിലാണ് മേയർക്ക് പരിക്കേറ്റത്. ഒരു യു.ഡി.എഫ്. കൗൺസിലറുടെ സാരി കീറിയതായും ആരോപണമുണ്ട്. സി.പി.എം. പ്രവർത്തകർക്കും പരിക്കേറ്റു. 10.30-ന് ഉപരോധസമരം അവസാനിച്ചതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.
റോഡ് ഉപരോധം; മേയർ ഉൾപ്പെടെ 36 പേർക്കെതിരെ കേസ്
കണ്ണൂർ : എൽ.ഡി.എഫ്. പ്രവർത്തകർ മേയറെ തടഞ്ഞതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച മേയർ പി. ഇന്ദിര ഉൾപ്പെടെ 36 പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. റിജിൽ മാക്കുറ്റി, രാജേഷ് കല്ലിക്കോടൻ, ടി.ജയകൃഷ്ണൻ, റിഷ മുഹമ്മദ്, രാജേഷ് ആയിക്കര തുടങ്ങി ആറ് പേർക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. പൊതുജനങ്ങൾക്ക് മാർഗതടസ്സം ഉണ്ടാക്കൽ, സംഘം ചേർന്ന് റോഡ് ഉപരോധിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
