എട്ട് സെന്‍റിൽ 1041 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ; വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ
കുന്നമ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ സർവവും നഷ്ടമായവർക്ക് കൈത്താങ്ങായി കെപിസിസിയും. കെപിസിസി വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടീൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് മേപ്പാടിയിലെ കുന്നമ്പറ്റയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടീൽ കർമം നിർവഹിക്കും. നൂറു വീടുകളിൽ പകുതിയുടെ തറക്കല്ലിടലാണ് നാളെ നടക്കുകയെന്ന് ടി സിദ്ധിഖ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. നിർമാണത്തിന് മുമ്പായി ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും ഇവിടെ പൂർത്തിയാക്കി. മണ്ണൊലിപ്പോ വിള്ളലുകളോ ഇല്ലാത്ത സുസ്ഥിരമായ മണ്ണിൽ ശാസ്ത്രീയമായ മാപ്പിംഗിലൂടെ ശുദ്ധജല സ്രോതസ്സുകൾ വരെ കണ്ടെത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിലേക്ക് എല്ലാവരേയും എംഎൽഎ സ്വാഗതം ചെയ്തിട്ടുണ്ട്.
എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. ഇതിൽ മൂന്ന് കിടപ്പുമുറികൾ, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ഉറപ്പാക്കുന്ന അകത്തളങ്ങളും ഉണ്ടാകും. ഭാവിയിൽ ഒരുനില കൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി താമസക്കാർക്ക് അധിക വരുമാനം ഉറപ്പാക്കാൻ പുറത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന കോണിപ്പടികൾ ഈ വീടുകളുടെ സവിശേഷതയാണെന്നും ടി സിദ്ധിഖ് കുറിച്ചു.
എന്താണ് ഈ മാതൃകാ ഗ്രാമത്തിന്റെ പ്രത്യേകതകൾ?
ഇതൊരു വെറും പാർപ്പിട പദ്ധതിയല്ല, മറിച്ച് ശാസ്ത്രീയമായി വിഭാവനം ചെയ്ത ഒരു സുരക്ഷിത ലോകമാണ്.
ശാസ്ത്രീയമായ അടിത്തറ:നിർമ്മാണത്തിന് മുൻപായി വിശദമായ ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും ഇവിടെ പൂർത്തിയാക്കി. മണ്ണൊലിപ്പോ വിള്ളലുകളോ ഇല്ലാത്ത സുസ്ഥിരമായ മണ്ണിൽ ശാസ്ത്രീയമായ മാപ്പിംഗിലൂടെ ശുദ്ധജല സ്രോതസ്സുകൾ വരെ കണ്ടെത്തിക്കഴിഞ്ഞു.
സ്വാഭാവിക രൂപകൽപ്പന:വയനാടിന്റെ മലനിരകളുടെ ഭംഗി നിലനിർത്തിക്കൊണ്ട്, ഭൂമിയുടെ സ്വാഭാവിക ചരിവിനെ മാനിച്ചാണ് ആർക്കിടെക്റ്റ് വിനോദ് സിറിയക് ഈ ഗ്രാമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.മനോഹരമായ വീടുകൾ:എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ. മൂന്ന് കിടപ്പുമുറികൾ, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ഉറപ്പാക്കുന്ന അകത്തളങ്ങൾ.
ഭാവിയിലേക്കൊരു കരുതൽ:
ഭാവിയിൽ ഒരു നില കൂടി പണിയാൻ സാധിക്കുന്ന വിധമാണ് ഇതിന്റെ സ്ട്രക്ചർ. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി താമസക്കാർക്ക് അധിക വരുമാനം ഉറപ്പാക്കാൻ പുറത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന കോണിപ്പടികൾ ഈ വീടുകളുടെ സവിശേഷതയാണ്.
കൂട്ടായ്മയുടെ ഇടങ്ങൾ:
അയൽപക്കക്കൂട്ടായ്മകൾക്കായി ലാൻഡ്സ്‌കേപ്പുകളും സ്റ്റെപ്പുകളും, 6 മീറ്റർ വീതിയുള്ള റോഡുകൾ, ഗ്രാമമധ്യത്തിൽ പാർക്കും കമ്മ്യൂണിറ്റി സ്‌പേസും. പരിസ്ഥിതി സൗഹൃദമായ ഹരിത ബഫർ സോണുകളും സമൂഹ കൃഷിക്കും പശുവളർത്തലിനുമായി പ്രത്യേക ഇടങ്ങളും ഇവിടെയുണ്ടാകും.
നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ:
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുമ്പോൾ, വയനാടിന്റെ പ്രിയങ്കരി ശ്രീമതി പ്രിയങ്ക ഗാന്ധി എംപി. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് ശ്രീ പികെ കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളും യുഡിഎഫ് പ്രതിനിധികളും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കുന്നമ്പറ്റയിലെത്തുന്നു.
