കൂടലാട്ടും അയ്യപ്പൻകാവിലുംകാട്ടാന കൃഷി നശിപ്പിച്ചു
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽനിന്നും ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ ബാവലിപ്പുഴയ്ക്ക് കുറുകെ നിർമിച്ച തൂക്കുവേലി അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ രാത്രി ആറളം ഫാമിൽനിന്ന് പുഴ കടന്നെത്തിയ കാട്ടാന പാലപ്പുഴ കൂടലാടും അയ്യപ്പൻകാവിലും കൃഷി നശിപ്പിച്ചു. പ്രദേശത്തേക്ക് പുഴ കടന്ന് കാട്ടാനകൾ എത്തുന്നത് തടയാൻ നാട്ടുകാർ ജനകീയമായി ഫണ്ട് സ്വരൂപിച്ച് സ്ഥാപിച്ച തുക്കുവേലി പരിചരണം ഇല്ലാഞ്ഞതിനാൽ തകർന്നതോടെയാണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് സ്ഥിരമായി എത്താൻ തുടങ്ങിയത്.
ആറളംഫാമുമായി അതിരിടുന്ന പ്രദേശങ്ങളെ ചേർന്ന് പുഴയോരങ്ങളിലും പുഴയ്ക്ക് കുറുകേയും സ്ഥാപിച്ച അഞ്ചുകിലോമീറ്ററോളം വരുന്ന തൂക്കുവേലിയാണ് വീണ്ടും നന്നാക്കാനുള്ള നടപടി തുടങ്ങിയത്. ജനകീയമായി നിർമിച്ച വേലിയുടെ പരിചരണം വനംവകുപ്പിനായിരുന്നു. ഇതിനായി വനംവകുപ്പ് നിയോഗിച്ച വാച്ചർക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതോടെയാണ് വേലിയുടെ പരിചരണവും നിലച്ചത്.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടയിൽ രണ്ടുതവണ കാട്ടാന പുഴ കടന്ന് ഇരിട്ടി ബസ്‌സ്റ്റാൻഡിന് സമീപം വരെ എത്തിയതോടെയാണ് വേലിയുടെ പ്രധാന്യം അധികൃതർക്ക് ബോധ്യമായത്. വേലിയിലേക്ക് വീണ കാടുകളും കമ്പുകളും വെട്ടി മാറ്റിയും ആവശ്യമായ സ്ഥലങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയുമാണ് വേലി പുനഃസ്ഥാപിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച തുടങ്ങി.
പുഴകടന്ന് എത്തിയ ആനകൾ അയ്യപ്പൻകാവിലും പരിസരപ്രദേശങ്ങളിലും വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ രാത്രി ജനവാസകേന്ദ്രത്തിൽ എത്തിയ കാട്ടാന അയ്യപ്പൻകാവ് സ്വദേശികളായ ചാലിൽ സമീറ, ചാലിൽ സൽമ, ചാലിൽ റംല എന്നിവരുടെ തെങ്ങ്, വാഴ, പച്ചക്കറി എന്നിവയാണ് നശിപ്പിച്ചത്. പുഴക്കര ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തും വ്യാപകമായ നാശനഷ്ടമാണ് കാട്ടാനകൾ ഉണ്ടാക്കിയത്. കാട്ടാന വീട്ടുമുറ്റത്ത് എത്തിയതോടെ പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിലാണ്. പഴശ്ശിരാജ കളി അക്കാദമിയിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം കാട്ടാനകൾ എത്തിയിരുന്നു. അതിന് തൊട്ടടുത്തുള്ള ആർ.ബി. രഞ്ജിത്തിന്റെ വീട്ടുമുറ്റത്തുള്ള തെങ്ങുകളും വാഴകളും ആണ് കാട്ടാനകൾ നശിപ്പിച്ചത്. വൈകീട്ട് ആറിനുള്ളിൽ വീട്ടിനുള്ളിൽ കയറിയിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത് എന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നതിന്റെ പ്രധാന കാരണമെന്നും രഞ്ജിത്ത് പറഞ്ഞു.
