ഇടിച്ചക്ക മുഴുവൻ ഉത്തരേന്ത്യയിലേക്ക്; കേരളത്തിൽ ചക്കയ്ക്ക് തീവില

Share our post

കൊല്ലം: ഇടിച്ചക്കയ്ക്ക് ഉത്തരേന്ത്യയിലും നേപ്പാളിലും ആവശ്യക്കാരേറിയതോടെ കേരളത്തിൽ ചക്കവില ഉയർന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് ഒരുദിവസം 100 മുതൽ 200 ടൺവരെ ഇടിച്ചക്ക കയറ്റിവിടുന്നുണ്ടെന്ന് ചക്കപ്രചാരകനായ ഷാജി ചക്കമുക്ക് പറഞ്ഞു. തെക്കൻകേരളത്തിൽ പാകമായ ചക്കയ്ക്ക് കിലോഗ്രാമിന് 35 മുതൽ 45 രൂപവരെ വിലയുണ്ട്. ചക്കയുപ്പേരി (ചിപ്‌സ്) അടക്കമുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നവർക്ക് ലഭിക്കുന്ന വിലയാണിത്. കഴിഞ്ഞവർഷം 15-20 രൂപയായിരുന്നു വില.

10 കിലോഗ്രാമുള്ള ചക്കയ്ക്ക് 400 രൂപയിലേറെ കൊടുക്കേണ്ടിവരുന്നതിനാൽ ചിപ്സ് നിർമാണം യൂണിറ്റുകളെ ബാധിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചക്ക ചിപ്സ് കയറ്റുമതിചെയ്യുന്ന കൊല്ലം എഴുകോണിലെ സ്ത്രീകളുടെ സംരംഭം തത്കാലം ചിപ്‌സ് നിർമാണം നിർത്തിയിരിക്കുകയാണ്. ഉത്പാദനം വർധിക്കുന്നതോടെ വില കുറയുമെന്ന് സംരംഭകയായ പുളിയറ സ്വദേശിനി ശുഭ പറഞ്ഞു.

ഡിസംബർമുതൽ ഫെബ്രുവരിവരെയുള്ള മാസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ചക്ക വിളഞ്ഞു പാകമാകുന്നത്. ഈ സമയത്ത് വടക്കൻജില്ലകളിൽ ഇടിച്ചക്ക പരുവത്തിലാകുകയേയുള്ളൂ. ഇത്തവണ പൊതുവേ ഉത്പാദനം കുറവുണ്ട്. മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണി സജീവമായതും വിലയുയരാൻ കാരണമായി. മൂല്യവർധിത ഉത്പന്നങ്ങളാണ് ചക്കയെ വിപണിയിലെ കേമനാക്കിയത്. പൾപ്പ് ഉണ്ടാക്കുന്ന സംരംഭങ്ങൾ വന്നതോടെ കൂഴച്ചക്കയ്ക്കും ആവശ്യക്കാരേറെയാണ്‌. കൂഴച്ചക്കയുടെ മൃദുവായ ചുളകൾ ഐസ്‌ക്രീം, ജാം, ഹൽവ, സ്ക്വാഷ് എന്നിവയുടെ നിർമാണത്തിന് പൾപ്പുരൂപത്തിൽ വൻതോതിൽ ഉപയോഗിക്കുന്നുണ്ടിപ്പോൾ. മുൻപ് ഇത്തരം പൾപ്പുകൾക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന പല കമ്പനികളും ഇപ്പോൾ കേരളത്തിലെ പ്രാദേശിക യൂണിറ്റുകളെയാണ് സമീപിക്കുന്നത്. കയറ്റുമതി വർധിച്ചതും ‘വീഗൻ’ ഭക്ഷണങ്ങളോടുള്ള പ്രിയവും ചക്കവില ഉയരാൻ കാരണമായിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!