ആറ് വയസ്സുകാരിയുടെ മരണം: കുട്ടിയെ പീഡിപ്പിച്ചത് ആര്? ഡിഎൻഎ നിർണായകം
കൊച്ചി∙ എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ 6 വയസുകാരി ലൈംഗികാതിക്രമം നേരിട്ടിരുന്നെന്ന കേസിൽ നിര്‍ണായകമാവുക ഡിഎൻഎ പരിശോധന. ആരാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത് എന്നത് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണു പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തന്നെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ശേഖരിച്ച സാംപിളുകള്‍ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 16നായിരുന്നു എളമക്കര പോണേക്കരയിലെ വാടക വീട്ടിൽ ആലപ്പുഴ സ്വദേശിയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി വിഷം ഉള്ളിൽച്ചെന്നും പിതാവ് തൂങ്ങി മരിക്കുകയുമായിരുന്നു. മകളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരം. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപും കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരവും റിപ്പോർട്ടിലുണ്ട്. ആരാണ് ഇതിനു പിന്നിലെന്നു ശാസ്ത്രീയമായി കണ്ടെത്താനാണു പൊലീസിന്റെ തീരുമാനം. പീഡനത്തെക്കുറിച്ച് അറിയില്ലെന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഇതിനൊപ്പം സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയുമെടുക്കും. പീഡന വിവരം മറ്റാർക്കെങ്കിലും അറിയാമായിരുന്നോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.
സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പിതാവിന് കുറച്ചു കാലമായി ജോലിയില്ലായിരുന്നു. ഇതിനൊപ്പം മദ്യപാനവും കൂടിയായതോടെ കുടുംബത്തിൽ വഴക്കും പതിവായിരുന്നു. ഇടപ്പള്ളിയിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന കുട്ടിയുടെ അമ്മ ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭർത്താവിനെ പലതവണ ഫോണിൽ വിളിച്ചെങ്കിലും ഓഫ് ആയിരുന്നു. ബന്ധു കൂടി എത്തി വീടു തുറന്നപ്പോഴാണ് പിതാവിനെയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
