അഗ്രിസ്റ്റാക്ക്’; കർഷകർക്ക് ഡിജിറ്റൽ ഐഡി, വിളകൾക്ക് രജിസ്ട്രി, ആനുകൂല്യങ്ങൾ വിരൽത്തുമ്പിൽ അഗ്രി ഡെസ്ക്
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷന്റെ ഭാഗമായി വികസിപ്പിച്ച ‘അഗ്രിസ്റ്റാക്ക്’പദ്ധതി കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ ഈ പദ്ധതിയെ കൃഷിരംഗത്തെ ‘അടുത്ത യുപിഐ’ എന്നാണ് വിശേഷിപ്പിച്ചത്. കാർഷിക സേവനങ്ങളും വിവരങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി 2024-ലാണ് ഈ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ പദ്ധതിക്ക് തുടക്കമിട്ടത്. കർഷകരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
ആധാർ കാർഡിന് സമാനമായി ഓരോ കർഷകനും ഒരു ഡിജിറ്റൽ ഐഡന്റിറ്റി (ഫാർമർ ഐഡി) നൽകുന്നതാണ് അഗ്രിസ്റ്റാക്കിന്റെ പ്രധാന സവിശേഷത. ഈ ഐഡി കർഷകന്റെ ഭൂമി വിവരങ്ങൾ, വളർത്തുമൃഗങ്ങൾ, കൃഷി ചെയ്യുന്ന വിളകൾ, ലഭ്യമായ സർക്കാർ ആനുകൂല്യങ്ങൾ എന്നിവയുമായി ഡിജിറ്റലായി ബന്ധിപ്പിക്കും. രാജ്യത്തെ 11 കോടി കർഷകർക്ക് ഡിജിറ്റൽ ഐഡി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനോടകം 8.62 കോടി പേർക്ക് ഐഡി നൽകിക്കഴിഞ്ഞു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
കാർഷിക വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ‘ഭാരത്-വിസ്താർ’ എന്ന പേരിൽ ഒരു മൾട്ടി ലിംഗ്വൽ എഐ ടൂളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കാർഷിക വിവരങ്ങൾ സംയോജിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ എഐ ടൂൾ കർഷകർക്ക് കൃത്യമായ ഉപദേശങ്ങൾ നൽകും. വിളകൾ വിതയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന ‘ക്രോപ്പ് സോൺ രജിസ്ട്രി’, ഗ്രാമങ്ങളുടെ ഭൂപടങ്ങൾ രേഖപ്പെടുത്തുന്ന ‘ജിയോ റഫറൻസ്ഡ് വില്ലേജ് മാപ്പ്’ എന്നിവയും അഗ്രിസ്റ്റാക്കിന്റെ പ്രത്യേകതകളാണ്.
അഗ്രിസ്റ്റാക്ക് പൂർണ്ണതോതിൽ നടപ്പിലാക്കുന്നതോടെ സബ്സിഡികൾ, ഇൻഷുറൻസ്, മിനിമം താങ്ങുവില തുടങ്ങിയ സേവനങ്ങൾ കൂടുതൽ സുതാര്യമാകും. കർഷകർക്ക് ഓഫീസുകൾ കയറിയിറങ്ങാതെയും വലിയ രീതിയിലുള്ള പേപ്പർ വർക്കുകൾ ഇല്ലാതെയും ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും. 2027 മാർച്ചിനുള്ളിൽ രാജ്യത്തെ എല്ലാ വില്ലേജുകളെയും ഈ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
