ലോകഭവനിൽ സംഘപരിവാർ സൈബർ പോരാളികൾക്ക് ആദരം; പ്രതിഷേധം

Share our post

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ സംഘപരിവാറിന് വേണ്ടി സൈബർ പ്രചാരണങ്ങൾ നടത്തുന്ന ഒമ്പതംഗ സംഘത്തെ ലോകഭവനിൽ വിളിച്ചുവരുത്തി പൊന്നാട അണിയിച്ച് ആദരിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടി വിവാദത്തിലേക്ക്. വിദ്വേഷ പ്രചാരണങ്ങളുടെ പേരിൽ പലതവണ ആരോപണങ്ങൾ നേരിട്ടവരടക്കം ആദരവ് ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഗവർണറുടെ നീക്കം ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ‘സൈബർ വാരിയേഴ്സ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘപരിവാർ അനുകൂലികൾക്ക് ഗവർണർ നേരിട്ട് ആദരം അർപ്പിച്ചത്. ലസിത പാലക്കൽ, ഷാബു പ്രസാദ്, അർജുൻ മാധവ്, ഫസൽ കാരാട്ട്, ശ്രീല പിള്ള, മഹേന്ദ്രകുമാർ തുടങ്ങിയവരാണ് ഗവർണറിൽ നിന്ന് ആദരം ഏറ്റുവാങ്ങിയത്. ഇവരിൽ പലരും ബിജെപി-ആർഎസ്എസ് ആശയങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ സജീവമായവരാണ്. ഗവർണറെ കാണാൻ സമയം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർക്ക് അനുമതി നൽകിയതെന്നാണ് രാജ്ഭവൻ നൽകുന്ന ഔദ്യോഗിക വിശദീകരണം.

എന്നാൽ, സാധാരണ കൂടിക്കാഴ്ച എന്നതിനപ്പുറം ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചതാണ് വിമർശനങ്ങൾക്കിടയാക്കുന്നത്. അഞ്ച് ദിവസം മുൻപ് നടന്ന കൂടിക്കാഴ്ചയുടെയും ആദരം ഏറ്റുവാങ്ങുന്നതിന്റെയും ചിത്രങ്ങൾ ഇവർ തന്നെ സൈബർ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഗവർണർ, വിവാദങ്ങളിൽപ്പെട്ട സൈബർ ഗ്രൂപ്പുകളെ ഔദ്യോഗിക വസതിയിൽ വിളിച്ച് ആദരിക്കുന്നത് പദവിക്ക് ചേർന്നതല്ലെന്ന വിമർശനം ഉയരുന്നുണ്ട്. ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ കേരളത്തിലെത്തിയ രാജേന്ദ്ര അർലേക്കറും സംഘപരിവാർ അജണ്ടകൾക്ക് കുടപിടിക്കുകയാണെന്ന ആക്ഷേപത്തിന് ഈ സംഭവം ശക്തി പകരുകയാണ്. നേരത്തെ ‘സത്യഗ്രഹമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്’ എന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!