കെ.സുധാകരനെ ഐസിയുവില്‍ കയറി കണ്ടു, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും; മകൻ

Share our post

ദുബൈ: കെ.സുധാകരനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയാണെന്ന് മകന്‍ സഞ്‌ജോഗ്. ബില്ലിന്റെ കാര്യം അച്ഛനുമായി സംസാരിച്ചു. ആശുപത്രി അധികൃതരുടെ കൂടി അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഡല്‍ഹിയിലേക്ക് തിരിക്കുകയെന്നും മകന്‍ പറഞ്ഞു.

ഐസിയുവില്‍ കയറി കണ്ടെന്നും ചെറിയൊരു മെമ്മറി പ്രശ്‌നവും, നേരത്തെ ഉണ്ടായിരുന്ന കോര്‍ഡിനേഷന്‍ പ്രശ്‌നം കുറച്ചുകൂടെ കൂടിയിട്ടുണ്ടെന്നും സഞ്‌ജോഗ് പറയുന്നു. പുറമെ വലിയ പ്രശ്‌നങ്ങളൊന്നും കാണാനില്ലെങ്കിലും, എല്ലാ പ്രശ്‌നങ്ങളും ആന്തരികമാണെന്നും സീഷര്‍ വന്നതുകൊണ്ടാണ് ഐസിയുവില്‍ കയറ്റിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്നും മകന്‍ വ്യക്തമാക്കി.

തിരികെ യാത്ര ചെയ്യുമ്പോഴും സീഷര്‍ വരാന്‍ സാധ്യതയുണ്ട്. ഇവിടുന്ന് അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി, അവിടെ ഒരു പരിശോധന നടത്തിയതിന് ശേഷം മാത്രം ഡല്‍ഹിയിലേക്ക് പോകാനാണ് നിലവിലെ പ്ലാന്‍. അവിടെത്തെന്നെ പോയി തുടര്‍നടപടികള്‍ ചെയ്താലേ ശരിയാകൂ. സ്വന്തം ഇഷ്ടപ്രകാരവും, സ്വന്തം റിസ്‌കിലും എഴുതിക്കൊടുത്ത് ഡിസ്ചാര്‍ജ് വാങ്ങിക്കേണ്ടിവരും. ആശുപത്രി അധികൃതരായിട്ട് ഡിസ്ചാര്‍ജ് തരാന്‍ തയ്യാറല്ലെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ദുബൈയിലെ ആശുപത്രിയില്‍ അച്ഛനെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും, അച്ഛന്‍ മറ്റാരുടേയോ കസ്റ്റഡിയിലാണെന്നും മകന്‍ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുകയുണ്ടായി. ഇതില്‍ ദുരൂഹത സംശയിക്കുന്നെന്നും ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മകന്‍ ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കണ്‍സള്‍ട്ടേഷനായി വെള്ളിയാഴ്ചയാണ് സുധാകരനെ ദുബൈ ഹില്‍സിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എന്‍സെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നെന്നും മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പാര്‍ലമെന്റില്‍ നിര്‍ണായകമായ മണ്ഡല പുനര്‍നിര്‍ണയ ബില്‍ വരുന്ന സാഹചര്യത്തിലാണ് കെ. സുധാകരന്റെ കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിനിടെ ദുബായിലെത്തിയ കെ. സുധാകരന്‍ ഇന്ന് രാത്രിയോടെ ഡല്‍ഹിയില്‍ എത്തുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.

ഡല്‍ഹിയില്‍ എത്താന്‍ ഹൈക്കമാന്‍ഡും അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏതുവിധേനയും മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കിയെടുക്കാന്‍ രാഷ്ട്രീയ നീക്കങ്ങളോ കുതിരക്കച്ചവടങ്ങളോ നടക്കുന്നുണ്ടോ എന്ന സംശയത്തിനിടയിലാണ് കെ. സുധാകരന്റെ കാര്യത്തില്‍ ദുരൂഹതകള്‍ ഉയരുന്നത്. കെ. സുധാകരനെ ആരെങ്കിലും തടങ്കലില്‍ വെക്കുമെന്ന വാദം അവിശ്വസനീയമാണെന്നും അദ്ദേഹം ബോധപൂര്‍വം ഒഴിഞ്ഞുമാറുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മീഡിയവണിനോട് പ്രതികരിച്ചു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സുധാകരനെ നേരിട്ട് കിട്ടിയില്ലെന്നും മക്കളുമായാണ് സംസാരിച്ചതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അമേരിക്കയിലെ ചികിത്സക്ക് ആവശ്യമായ പണം കോണ്‍ഗ്രസ് പാര്‍ട്ടി ചെലവാക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എന്തിനാണ് ഇത്തരം ദുരൂഹതകള്‍ സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!