അരിയില്‍ ഷുക്കൂര്‍ വധക്കേസ്; വിധി ഇന്ന്
അരിയിൽ ഷുക്കൂര്‍ വധക്കേസിൽ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പറയും. 17 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. പി.ജയരാജൻ, ടി.വി രാജേഷ് ഉൾപ്പെടെ 33 പ്രതികളാണ് കേസിലുള്ളത്. ഇതിൽ രണ്ട് പേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്ന കെ.വി സുമേഷ്, പി.ഗണേഷൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് അരിയിലിലെ എംഎസ്എഫ് നേതാവും, യൂത്ത് ലീഗ് പ്രവർത്തകനുമായ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
അതേസമയം, കേസില്‍ പി.ജയരാജനും ടി.വി.രാജേഷും ശിക്ഷിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന് ഷുക്കൂറിന്റെ കുടുംബത്തിന്റെ അഭിഭാഷകന് മനോരമന്യൂസിനോട് പറഞ്ഞു. രണ്ട് സാക്ഷികള്‍ മൊഴി നല്‍കാത്തത് തിരിച്ചടിയാകുമെന്നും അതേസമയം നേരിട്ട് പങ്കെടുത്ത പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൃപ്തിപ്പെടുത്തുന്ന വിധി പ്രതീക്ഷിക്കുന്നുവെന്നും അഭിഭാഷകന് പറഞ്ഞു.
കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ
2012 മാര്‍ച്ച് ഒന്നിന് കേസിലെ ആദ്യ അറസ്റ്റ് നടന്നു. സിപിഎം പ്രവർത്തകൻ മൊറാഴ പണ്ണേരി കോണോത്ത് ഹൗസിൽ അജിത്കുമാറാണ് അറസ്റ്റിലായത്. 2012 മാർച്ച് 29 ന് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. 2012 മേയ് 26 ആയപ്പോള്‍ സിപിഎം അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണുവും അറസ്റ്റിലായി. 2012 ജൂണ്‍ ഒന്നിന് മുഖ്യപ്രതിയെന്നു പൊലീസ് സംശയിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ കെ.വി. സുമേഷ് ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. 2012 ജൂൺ 2ന് കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സിപിഎം പൂമാലക്കാവ് ബ്രാഞ്ച് സെക്രട്ടറി സജിത്തിന്റെ ബൈക്കിന്റെ ടൂൾബോക്സിൽ കണ്ടെത്തി.
2012 ജൂണ്‍ 12 ന് പി. ജയരാജനെ ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചെന്നു പൊലീസ് വെളിപ്പെടുത്തി. 2012 ജൂൺ 18 ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ നമ്പ്യാരെ പൊലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ജൂലൈ അഞ്ചിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിലായി. ജൂലൈ 30 ന് ടി.വി. രാജേഷ് കണ്ണൂർ ടൗൺ സിഐ ഓഫിസിൽ ചോദ്യം ചെയ്യലിനു വിധേയനായി. 2012 ഓഗസ്റ്റ് ഒന്നിന് മൂന്നാം വട്ട ചോദ്യം ചെയ്യലിനായി സിഐ ഓഫിസിലെത്തിയ ജയരാജൻ അറസ്റ്റ് ചെയ്യപ്പെട്ടു. ഷുക്കൂർ കേസിൽ അറസ്റ്റിലാകുന്ന 29ാമനായി റിമാൻഡ് ചെയ്യപ്പെട്ടു സെൻട്രൽ ജയിലിലേക്കും പോയി. ഓഗസ്റ്റ് ഏഴിന് ടി.വി.രാജേഷും കീഴടങ്ങി.
ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ 2016 ഫെബ്രുവരി എട്ടിന് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രില്‍ നാലിന് സിബിഐ അന്വേഷണം തുടങ്ങി. 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
