മികച്ച ലാഭം കിട്ടുമെന്ന് പറഞ്ഞുള്ള വീഡിയോ കണ്ട് പണം കൈമാറി; രണ്ടുപേർക്ക് ഒരുകോടിയോളം രൂപ നഷ്ടമായി

Share our post

വടകര: സൈബർത്തട്ടിപ്പിലൂടെ കോടഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് 49,20,000 രൂപയും തിരുവമ്പാടി സ്വദേശിയായ കർഷകന് 49,10,000 രൂപയും നഷ്ടമായി. ഫെയ്സ്ബുക്കിലുടെ കാണാനിടയായ കേന്ദ്രമന്ത്രി നിർമലാ സീതരാമന്റെ വ്യാജവീഡിയോ കാണിച്ച് ട്രേഡിങ്ങിലൂടെ മികച്ച ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വീട്ടമ്മയെ തട്ടിപ്പിന് ഇരയാക്കിയത്.

വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നല്ല ലാഭം കിട്ടുമെന്ന വാഗ്ദാനം ലഭിച്ചത്. തുടർന്ന് ജൂലായ് 15 മുതൽ സെപ്റ്റംബർ 22 വരെയുള്ള കാലയളവിൽ എസ്.ബി.ഐ.യിലെയും സഹകരണ ബാങ്കിലെയും അക്കൗണ്ടുകളിൽനിന്നായി 49.20 ലക്ഷം രൂപ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറി. പണമൊന്നും തിരിച്ചുലഭിക്കാതായതോടെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

വിദേശത്തുനിന്ന് മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത് മികച്ച ലാഭം നേടാമെന്ന യുറ്റിയൂബ് വീഡിയോ കണ്ടാണ് തിരുവമ്പാടി സ്വദേശിയായ കർഷകനിൽനിന്ന് 49.10 ലക്ഷം രൂപ തട്ടിയത്. തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്കാണ് പണം നൽകിയത്. തിരുവമ്പാടി പോലീസ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സോഷ്യൽമീഡിയവഴി വ്യാപകമായി ഇത്തരം വ്യാജവീഡിയോകൾ പ്രചരിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് സൈബർ ക്രൈംപോലീസ് അറിയിച്ചു.

പ്രതികൾ വാടകയ്ക്ക് എടുത്ത വിവിധ മ്യൂൾ അക്കൗണ്ടുകളിലേക്കും കറണ്ട് അക്കൗണ്ടുകളിലേക്കുമാണ് തട്ടിപ്പിന് ഇരയാവുന്നവരുടെ പണം കൈമാറുന്നത്. ബാങ്ക് ജീവനക്കാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!