ബാങ്ക് അക്കൗണ്ടില്ലെങ്കിലും പണമയക്കാം; ആർ.ബി.ഐയുടെ പുതിയ നിയമം കാഷ് പേ ഇന്‍, പേ ഔട്ട് സംവിധാനത്തിലാണ് മാറ്റങ്ങള്‍

Share our post

ന്യൂഡല്‍ഹി: പണമയക്കുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ. ആഭ്യന്തര ഇടപാടുകള്‍ക്കാണ് കേന്ദ്രബാങ്കിന്റെ പുതിയ നിയന്ത്രണങ്ങള്‍. കാഷ് പേ ഔട്ട്, പേ ഇന്‍ സര്‍വീസുകള്‍ക്കാണ് പുതിയ ചട്ടങ്ങള്‍ ബാധകമാവുക. കാഷ് പേ ഔട്ട്, പേ ഇന്‍ സര്‍വീസില്‍ പണത്തിന്റെ പരിധിക്കൊപ്പം മറ്റ് ചില മാറ്റങ്ങളും ആര്‍ബിഐ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് പണമയക്കാന്‍ ആര്‍ബിഐയുടെ പുതിയ സംവിധാനം ഗുണകരമാവും. നവംബര്‍ 11ന് തന്നെ ആര്‍ബിഐയുടെ പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു.

ഇതുപ്രകാരം കാഷ് പേ ഔട്ട് സംവിധാനത്തില്‍ ഒരു ഇടപാടില്‍ പരമാവധി 10,000 രൂപ വരെയും ഒരു ഗുണഭോക്താവിന് പ്രതിമാസം 25,000 രൂപ വരെയും കൈമാറാം. ബാങ്ക് അക്കൗണ്ടില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഈ സംവിധാനം കൂടുതല്‍ പ്രയോജനപ്പെടുക. അംഗീകൃത ഏജന്റ് വഴി സ്വീകര്‍ത്താവിന് പണം സ്വീകരിക്കാം.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ചില സാഹചര്യങ്ങളില്‍ ബാങ്ക് ശാഖയിലെത്തി പണം കൈമാറാം. ഇതിനാണ് പേ ഇന്‍ സംവിധാനം. ഇതിനും ചില പരിധികളും നിയന്ത്രണങ്ങളുമുണ്ട്. ബാങ്ക് ശാഖയില്‍ നേരിട്ടെത്തുന്ന ഉപഭോക്താക്കള്‍ക്ക് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പരമാവധി 50,000 രൂപ വരെ കൈമാറാം. എന്‍ഇഎഫ്ടി സംവിധാനം വഴിയാണ് പണംകൈമാറ്റം സാധ്യമാവുക.

അതേസമയം, ബാങ്ക് ശാഖയിലെത്താതെ ബിസിനസ് കറസ്‌പോണ്ടന്റ് സംവിധാനം വഴി പണമയക്കുമ്പോള്‍ ഇടപാടിന് പരമാവധി 5000 രൂപയാണ് പരിധി. ഒരു മാസം പണമയക്കുന്നയാള്‍ക്ക് പരമാവധി 25,000 രൂപ വരെ കൈമാറാം. ഇത്തരം പണമിടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!