50 കോടി ലഭിച്ചെന്ന് വ്യാജപ്രചാരണം; മൂന്ന് കുരുന്നുകളുടെ ചികിത്സാ ഫണ്ട് പ്രതിസന്ധിയിൽ; ഇനിയും 33 കോടി രൂപ

Share our post

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിക്കടുത്ത് കല്ലുരുട്ടിയിൽ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് 50 കോടി രൂപ ലഭിച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ കുടുംബവും ചികിത്സാ സഹായസമിതിയും രംഗത്ത്. ചികിത്സയ്ക്കാവശ്യമായ തുക സമാഹരിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതോടെ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്കുള്ള സംഭാവനകൾ ഗണ്യമായി കുറഞ്ഞു.

കല്ലുരുട്ടി സ്വദേശികളായ അരുൺ–ഷാൽമി ദമ്പതികളുടെ ഒരു വയസും എട്ട് മാസവുമായ മൂന്ന് മക്കളായ ഡേവിഡ് മാഗ്‌നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരാണ് സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്നത്. കുട്ടികളുടെ ജീൻ തെറാപ്പിക്കും തുടർചികിത്സയ്ക്കുമായി ആകെ 50 കോടി രൂപയാണ് ആവശ്യമായിരിക്കുന്നത്.

എന്നാൽ ഇതുവരെ ഏകദേശം 16.30 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. ഇനിയും 33 കോടിയിലധികം രൂപ കണ്ടെത്തേണ്ടതുണ്ട്. 50 കോടി രൂപ ലക്ഷ്യമിട്ട് ആരംഭിച്ച ധനസമാഹരണത്തിന് 28 ദിവസം കൂടി മാത്രമാണ് മുന്നിലുള്ളതെന്ന് സഹായസമിതി വ്യക്തമാക്കുന്നു.

നേരത്തെ പ്രതിദിനം ഏകദേശം ഒരു കോടി രൂപയോളം സംഭാവനയായി ലഭിച്ചിരുന്ന അക്കൗണ്ടിലേക്ക് ഇപ്പോൾ ലഭിക്കുന്നത് ഏകദേശം 31 ലക്ഷം രൂപ മാത്രമാണ്. വ്യാജപ്രചാരണം വ്യാപകമായതോടെയാണ് സഹായത്തിന്റെ ഒഴുക്ക് കുറഞ്ഞതെന്നാണ് സമിതി ഭാരവാഹികൾ പറയുന്നത്.

50 കോടി രൂപ പരിധിയുള്ള അക്കൗണ്ടാണ് തുറന്നിട്ടുള്ളതെന്നും അതിന്റെ കണക്കുകൾ ദിവസവും പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സമിതി വിശദീകരിച്ചു.

വ്യാജപ്രചാരണത്തിനെതിരെ സൈബർ പൊലീസിൽ പരാതി നൽകാനാണ് സഹായസമിതിയുടെ തീരുമാനം. കുട്ടികളുടെ ചികിത്സാ സഹായം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സമിതിയുടെ അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വലിയ ജനകീയ കൂട്ടായ്മയാണ് കുട്ടികളുടെ ചികിത്സയ്ക്കായി പണം സമാഹരിക്കുന്നത്. മൂന്ന് കുഞ്ഞുങ്ങളുടെയും ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തുടർന്നും വേണമെന്നും കുടുംബവും സഹായസമിതിയും അഭ്യർഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!