വ്യായാമമില്ലാത്ത കൗമാരം, 24 കോടിയോളം കുട്ടികൾക്ക് ആവശ്യത്തിന് ശാരീരികാധ്വാനമില്ല; ആശങ്കയുയർത്തി ലോകാരോഗ്യ സംഘടനയുടെ പഠനം

Share our post

ജനീവ: ലോകത്തെ കൗമാരക്കാരിൽ നാലിലൊരാൾ പോലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും 60 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം. 11നും 17നും ഇടയിൽ പ്രായമുള്ള ഏകദേശം 24 കോടി കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. പെൺകുട്ടികളിലാണ് ശാരീരിക അധ്വാനത്തിന്റെ കുറവ് കൂടുതലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

140 രാജ്യങ്ങളിലായി 32 ലക്ഷം കൗമാരക്കാരിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2025ലെ കണക്കുകൾ പ്രകാരം കൗമാരക്കാരിൽ 24.9 ശതമാനം പേരും ആഴ്ചയിൽ ഒരു ദിവസം പോലും 60 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. പെൺകുട്ടികളിൽ 28 ശതമാനം പേരും ആൺകുട്ടികളിൽ 22 ശതമാനം പേരും ആഴ്ചയിൽ ഒരു ദിവസം പോലും ആവശ്യമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. ദിവസവും ഒരു മണിക്കൂർ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്ന പെൺകുട്ടികൾ 11 ശതമാനം മാത്രമാണ്. ആൺകുട്ടികളിൽ ഇത് 17 ശതമാനമാണ്.

കൗമാരക്കാർ ആഴ്ചയിൽ ശരാശരി 2.7 ദിവസം മാത്രമാണ് സജീവമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. 14 ശതമാനം പേർ മാത്രമാണ് ദിവസവും ആവശ്യമായ വ്യായാമം ചെയ്യുന്നത്. 2010നു ശേഷമുള്ള 15 വർഷത്തിനിടെ ഈ കണക്കുകളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ദീർഘകാല രോഗങ്ങളുടെ സാധ്യത കുറക്കുന്നതിലും വ്യായാമത്തിന് നിർണായക പങ്കുണ്ട്. സ്കൂളുകളിലും സമീപപ്രദേശങ്ങളിലും കുട്ടികൾക്ക് വ്യായാമത്തിനും കായിക വിനോദങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും പെൺകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!