വയനാട്ടിൽ ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ
വൈത്തിരി: ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ. കോഴിക്കോട് കാക്കൂർ ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ് (25), നന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ. നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24) എന്നിവരാണ് അറസ്റ്റിലായത്. ലക്കിടിയിൽ പോലീസ് പട്രോളിങ്ങിനിടെയാണ് പിടിയിലായത്. വാഹനം നിർത്തിയിട്ട് നിൽക്കുകയായിരുന്ന യുവാക്കൾ പോലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ അവിടെനിന്ന് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ചനിലയിൽ 2.95 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
