അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

Share our post

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരിൽ പുരയിടത്തിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച നിലയിൽ. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. നഗരൂർ ബ്ലോക്ക് ഓഫീസിന് സമീപത്തെ പുരയിടത്തിലാണ് അപകടം. സമീപത്തെ പുരയിടത്തിൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

കുറിയടുത്തു മഠത്തിന്റെ കൈവശമുള്ള വയലിലാണ് ഇരുവരെയും ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കാണപ്പെട്ടത്. നല്ല രീതിയിൽ കൃഷി നടന്നുവരുന്ന വയലിൽ രാവിലെ കാര്യസ്ഥൻ വന്നു നോക്കുമ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടതെന്നാണ് വിവരം.

ഇവിടെ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. കൊച്ചുണ്ണി തെങ്ങുകയറ്റ തൊഴിലാളിയും മകൻ അഖിൽ കൂലിവേല തൊഴിലാളിയുമാണ്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

ഇരുവരും സമീപത്തെ ഉന്നതിയിലാണ് താമസിക്കുന്നത്. അവധി ദിവസമായതിനാൽ തൊട്ടടുത്ത പുരയിടത്തിൽ കപ്പ പറിക്കാൻ കയറിയതാണെന്നാണ് നിഗമനം. മൃതദേഹങ്ങൾക്ക് സമീപത്ത് കപ്പ പിഴുതുവെച്ചതായി കാണുന്നുണ്ട്.

പുരയിടത്തിൽ അനധികൃതമായാണ് വൈദ്യുതിവേലി സ്ഥാപിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ വേലിയുള്ളത് അറിയാതെയാണോ ഇരുവരും ഇതുവഴി പ്രവേശിച്ചത് എന്നതടക്കം പരിശോധിക്കുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!