നവീകരിച്ച പഴശ്ശിസ്മൃതി മന്ദിരം ഉദ്ഘാടനം രണ്ടിന്

Share our post

മട്ടന്നൂർ : നവീകരണ പ്രവൃത്തി നടത്തിയ പഴശ്ശി സ്മൃതിമന്ദിരത്തിന്റെ ഉദ്ഘാടനം മാർച്ച് രണ്ടിന് വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

പഴശ്ശിയിൽ 2014-ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. പിന്നീട് 2016-ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ വീട്ടിത്തടികൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചു. പഴശ്ശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടം ഉൾപ്പടെ ഇവിടെ ചുമർചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്.

നവീകരണത്തിന്റെ ഭാഗമായി ആംഫി തിയേറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഭക്ഷണശാല എന്നിവയാണ് നിർമിച്ചത്. കെ.ഐ.ഐ.ഡി.സി.യാണ് നവീകരണ പ്രവൃത്തിയുടെ പദ്ധതിരേഖ തയ്യാറാക്കിയത്. നഗരസഭ ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയ സ്ഥലമാണിത്.

ഉദ്ഘാടനച്ചടങ്ങിന്റെ സംഘാടകസമിതി യോഗം നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ഒ. പ്രീത അധ്യക്ഷയായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, സ്ഥിരം സമിതി അധ്യക്ഷരായ പി. ശ്രീനാഥ്, വി.കെ. സുഗതൻ, പി. അനിത, മുൻ ചെയർമാൻ കെ.ടി. ചന്ദ്രൻ, എൻ.ടി. ഗംഗാധരൻ, കെ.പി. രമേശൻ, അണിയേരി അച്യുതൻ, മണാട്ട് കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. 151 അംഗ സംഘാടകസമിതി രൂപവത്കരിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!