പേരാവൂർ ടൗണിലെ മുഴുവൻ നോ പാർക്കിംങ്ങ് ബോർഡുകളും നീക്കും; പേ പാർക്കിംങ്ങ് സംവിധാനം ഉടൻ

Share our post

പേരാവൂർ: ടൗണിലെ പാർക്കിംങ്ങും ട്രാഫിക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റി യോഗം വിളിച്ചു ചേർത്തു. പഞ്ചായത്തധികൃതർ, പോലീസ്,വ്യാപാരി സംഘടനാ പ്രതിനിധികൾ, ചുമട്ട് തൊഴിലാളി പ്രതിനിധികൾ, ഓട്ടോ തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ടൗണിലെ വിവിധയിടങ്ങളിൽ നോ പാർക്കിംങ്ങ് ബോർഡുകൾ സ്ഥാപിച്ചതോടെ വാഹനവുമായി എത്തുന്ന ഉപഭോക്താക്കൾ പോലീസിന്റെ പിഴയുൾപ്പെടെയുള്ള നിയമനടപടികൾക്ക് ഇരയാകാറുണ്ടെന്നും അതിനാൽ മുഴുവൻ ബോർഡുകളും ഉടൻ നീക്കം ചെയ്യണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻആവശ്യപ്പെട്ടു. ടൗണിൽ പാർക്കിംങ്ങ് സംവിധാനം ഒരുക്കണമെന്നും വഴിയോരവാണിഭം നിയന്ത്രിക്കണമെന്നും യുഎംസി പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ആവശ്യപ്പെട്ടു.

ബൈപ്പാസ് റോഡുകൾ നിർമിച്ച് ഗതാഗതകുരുക്ക് കുറക്കണമെന്നും പോലീസ് ഫൈൻ ചുമത്തലിന് പരിഹാരം ഉണ്ടാക്കണമെന്നും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്തും ആവശ്യപ്പെട്ടു. ടൗൺ മുതൽ കുനിത്തലമുക്ക് വരെ സുരക്ഷിത നടപ്പാതയുണ്ടാക്കണമെന്ന് പ്രസ് ഫോറം സെക്രട്ടറി അനൂപ് നാമത്ത് ആവശ്യപ്പെട്ടു. തിരക്കേറിയ കൊട്ടിയൂർറോഡിലെ ബസ് സ്റ്റോപ്പുകൾ പൂർണ്ണമായും ഒഴിവാക്കുക, പേ പാർക്കിംങ്ങ് സംവിധാനമൊരുക്കുക,നടപ്പാതകളിലെ വ്യാപാരം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.

നോ പാർക്കിംങ്ങ് ബോർഡുകൾ മുഴുവനും നീക്കും

വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ടൗണിലെ മുഴുവൻ നോ പാർക്കിംങ്ങ് ബോർഡുകളും പരീക്ഷണാടിസ്ഥാനത്തിൽ അടിയന്തരമായി എടുത്തുമാറ്റുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അറിയിച്ചു. പകരം, ടൗണിൽ ഗതാഗതക്കുരുക്കുണ്ടാവാതിരിക്കാൻ വ്യാപാരികൾ കൂടി സഹകരിക്കണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു.

മറ്റു പ്രധാന തീരുമാനങ്ങൾ

ടൗണിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കാൻ ശ്രമിക്കും

പേരാവൂർ മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ലീസിനെടുത്ത് പേ പാർക്കിംങ്ങ് ഒരുക്കും

വ്യാപാരികളുടെയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക പാർക്കിംങ്ങ് ഏരിയ പരിഗണിക്കും

ടൂവീലർ പാർക്കിംങ്ങ് നിലവിലെ സ്ഥിതി തുടരും

പഞ്ചായത്തിന്റെ വികസന പദ്ധതിയായ വികേന്ദ്രയുടെ നിർമാണം ആരംഭിക്കുന്നതോടെ ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കും

ടൗൺ സൗന്ദര്യവത്കരണ നടപടികൾ ത്വരിതപ്പെടുത്തും

നടപ്പാത കയ്യേറ്റം പൂർണ്ണമായും ഒഴിപ്പിക്കും

പഞ്ചായത്ത് പരിധിയിലെ മുഴുവൻ തെരുവ് വിളക്കുകളും അടിയന്തരമായി കേടുപാട് തീർത്ത് പ്രവർത്തനക്ഷമമാക്കും

പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പേരാവൂർ സബ് ഇൻസ്‌പെക്ടർ ടി.അബ്ദുൾ നാസർ, സെക്രട്ടറി ബാബു തോമസ്, പഞ്ചായത്തംഗം സുരേഷ് ചാലാറത്ത് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!