മുൻപിലെത്താൻ എൽഡിഎഫ്, എങ്ങനെയും നേടാൻ യുഡിഎഫ്; വലിയലക്ഷ്യവുമായി എൻഡിഎയും കളത്തിൽ
തിരുവനന്തപുരം: മുന്നൊരുക്കത്തിൽ മൂന്നുമുന്നണികളും കണക്കുകൂട്ടലുമായി ഇറങ്ങിയാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത് എന്നിവയിൽ ഏതു മുന്നണിക്ക് മേധാവിത്വം ലഭിക്കുന്നുവെന്നതാണ് കേരളത്തിന്റെ പൊതുമനസ്സ് ആർക്കൊപ്പമാണെന്ന് അടയാളപ്പെടുത്തുന്ന പ്രധാന ഘടകം. ഭൂരിപക്ഷം ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണവും അതിൽനേടിയ വാർഡുകളുടെ എണ്ണവും അടിത്തറഭദ്രമാണെന്ന് സ്ഥാപിക്കാനുള്ള അടയാളമാകും.
വോട്ടുചേർക്കൽ മുതൽ സ്ഥാനാർഥിനിർണയംവരെ നടത്തേണ്ട മുന്നൊരുക്കത്തിൽ പൊതുവേ യുഡിഎഫിനാണ് വീഴ്ചയുണ്ടാകാറുള്ളത്. ഇത്തവണ ഒരുപരിധിവരെ അതു മറികടന്നു. ബൂത്തുതലത്തിലുള്ള ആസൂത്രണത്തിൽ എൽഡിഎഫ് എന്നും ഒരുപടി മുന്നിലായിരുന്നു. മൂന്നാംഭരണം ലക്ഷ്യമിട്ടിറങ്ങുന്ന ഇടതുമുന്നണി ഇത്തവണ ഇക്കാര്യം കുറച്ചുകൂടി കരുതലോടെ ചെയ്തിട്ടുണ്ട്. തങ്ങൾക്ക് സ്വാധീനമുള്ള മേഖലയിലൊഴികെ കാര്യമായ ഇടപെടൽ ബിജെപി നടത്താറുണ്ടായിരുന്നില്ല. ഇത്തവണ അവരും തിരുത്തി.
ഒരുപടികൂടി മുൻപിലെത്താൻ എൽഡിഎഫ്
2019-ൽ ലോക്സഭാതിരഞ്ഞെടുപ്പിലെ കനത്തതിരിച്ചടിയെ എൽഡിഎഫ് നേരിട്ടത് 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ ബലത്തിലാണ്. മൂന്നാം ഭരണത്തിന് നിയമസഭാതിരഞ്ഞെടുപ്പിലേക്കിറങ്ങുന്നതിനെക്കാൾ തയ്യാറെടുപ്പുമായാണ് തദ്ദേശത്തിലേക്കുവരുന്നത്. വാർഡ് വിഭജനംമുതൽ ഈ ശ്രദ്ധയുണ്ടായിരുന്നു. ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ അജൻഡ തയ്യാറാക്കി. തിരുവനന്തപുരം കോർപ്പറേഷൻ ഉന്നമിട്ട് മെട്രോയുടെ അലൈൻമെന്റ് അംഗീകരിച്ച് ആദ്യ ടീസർ ഇറക്കി. ബൂത്തുതലത്തിൽ വീടുകളിൽ പലവട്ടം കയറിയിറങ്ങാൻ പതിവിലും നേരത്തേ തീരുമാനിച്ചു. ജയംമാത്രം ലക്ഷ്യമിട്ട് സ്ഥാനാർഥിയെ നിശ്ചയിക്കുന്നു. ഘടകകക്ഷികളുമായി പതിവിലേറെ വിട്ടുവീഴ്ചാ മനോഭാവമാണ് സിപിഎം സ്വീകരിച്ച രീതി.
എങ്ങനെയും നേടാൻ യുഡിഎഫ്
യുഡിഎഫിന് ഒറ്റലക്ഷ്യമേയുള്ളൂ, പരമാവധി വിജയം. ഇതിന് ആദ്യം വേണ്ടത് കൂട്ടത്തിൽനിന്ന് പിന്നിൽനിന്ന് കുത്തുന്നവരെ ഒറ്റുകാരായി കാണണം എന്നതാണെന്ന് യുഡിഎഫ് കക്ഷികളെല്ലാം അംഗീകരിച്ചു. വിമതരില്ലാതാക്കാൻ സ്ഥാനാർഥിനിർണയത്തിന് കോൺഗ്രസ് പ്രാദേശികതലത്തിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചു. കോർപ്പറേഷനുകൾ പിടിക്കാൻ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ നേതാക്കളുടെ പദയാത്ര നടത്തി. സ്ഥാനാർഥിപ്രഖ്യാപനത്തിലും ഒരുപടി മുന്നിലെത്തി. എന്നാൽ, വിമതഭീഷണിയും ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങളും യുഡിഎഫിനെ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ല.
വലിയലക്ഷ്യവുമായി കളത്തിൽ എൻഡിഎ
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നേടണം. പാലക്കാട്, പന്തളം നഗരസഭകളിൽ മാത്രമുള്ള ഭരണം 16 ഇടത്തേക്ക് വിപുലപ്പെടുത്തണം. ഇതാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ലക്ഷ്യം. ഏഴു നഗരസഭകളിൽ വിജയം ഉറപ്പാക്കണമെന്നത് കഠിനനിശ്ചയമാണ്. ഇത്രയും നേടിയാൽ അടുത്ത തവണ ആറുപേരെങ്കിലും ബിജെപിയുടെ പ്രതിനിധികളായ നിയമസഭാകവാടം കടക്കുമെന്നാണ് പ്രതീക്ഷ. മണ്ഡലം അടിസ്ഥാനമാക്കിയാണ് നേതാക്കൾക്ക് ചുമതല നൽകിയത്.
