2010-ല്‍ യുഡിഎഫ്, 2015ലും 2020ലും എല്‍ഡിഎഫിന്റെ അപ്രമാദിത്വം; സാഹചര്യങ്ങള്‍ മാറി, മേല്‍ക്കൈ ആര്‍ക്ക്
തിരുവനന്തപുരം: മുന്‍പൊരിക്കലുമില്ലാത്ത രാഷ്ട്രീയച്ചൂട് പേറിയാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനല്‍ പോരാട്ടമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. എന്നാല്‍, ഇത്തവണ പതിവുസാഹചര്യത്തില്നിന്ന് മാറ്റമുണ്ട്. 10 വര്‍ഷമായി യുഡിഎഫ് പ്രതിപക്ഷത്താണ്. വീണ്ടും ഭരണത്തുടര്‍ച്ചയെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. ആറുസീറ്റെങ്കിലും നിയമസഭയില്‍ നേടുകയെന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ പ്രവര്‍ത്തനം. ഈ മൂന്നുകാര്യങ്ങളും മുന്‍പില്ലാത്തതാണ്. അതുകൊണ്ടുതന്നെ, തദ്ദേശതിരഞ്ഞെടുപ്പിലെ രാഷ്ട്രീയച്ചൂടിന് എല്ലാപാര്‍ട്ടികള്‍ക്കും പൊള്ളലേറെയുണ്ട്. ഇതിലെ മേല്‍ക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കുതിച്ചിറങ്ങാനുള്ള ഊര്‍ജമാകുമെന്ന് എല്‍ഡിഎഫിനും യുഡിഎഫിനും അറിയാം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ വിജയിച്ചത് യുഡിഎഫായിരുന്നു. ആ തിരിച്ചടിയില്‍ നിന്ന് എല്‍ഡിഎഫ് കരകയറിയത് 2020-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലൂടെയായിരുന്നു. വലിയ മുന്നേറ്റം ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടി. ആ ഊര്‍ജത്തില്‍ നിന്നാണ് തുടര്‍ഭരണത്തിലേക്ക് എല്‍ഡിഎഫ് എത്തിയത്.
അതിന് തനിയാവര്ത്തനമുണ്ടാക്കാനാണ് ഇത്തവണയും എല്‍ഡിഎഫ് ഒരുങ്ങുന്നത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019-ലുണ്ടായ അതേ അനുഭവമാണ് എല്‍ഡിഎഫിനുണ്ടായത്. അതിലൊരു മാറ്റമുണ്ടാക്കാന്‍ ഈ സെമിഫൈനല്‍ മത്സരത്തിലൂടെ കഴിയണം. അതേസമയം, 2019-ലെ നേട്ടത്തില്‍ അഭിരമിച്ച യുഡിഎഫിന് പിന്നീടുണ്ടായ തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭയിലും തിരിച്ചടിയുണ്ടായത് അവര്‍ക്കൊരു പാഠമായിരുന്നു. അതുണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ജയമുറപ്പിക്കാനുള്ള പ്രവര്‍ത്തനവുമാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നത്. തദ്ദേശം പിടിച്ചാല്‍ നിയമസഭയും നേടാമെന്ന ഉറപ്പ് മുന്നണികള്‍ക്ക് വേണ്ടതില്ലെന്ന ജനവിധിയും ഉണ്ടായിട്ടുണ്ട്. 2010-ല്‍ ഇടതുകോട്ടകള്‍ തകര്‍ത്തുകൊണ്ടായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുന്നേറ്റം. നാലു കോര്‍പ്പറേഷനുകളില്‍ രണ്ടെണ്ണം യുഡിഎഫിനായിരുന്നു. എറണാകുളം തിരിച്ചുപിടിച്ചത് മൂന്നുപതിറ്റാണ്ടിനുശേഷമായിരുന്നു. അന്ന് ആകെയുണ്ടായിരുന്ന 57 നഗരസഭകളില്‍ 31 എണ്ണവും യുഡിഎഫ് പിടിച്ചു. പക്ഷേ, 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കടന്നുകയറുകയാണുണ്ടായത്. രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റത്.
ബിജെപി നിര്ണായകമാകുന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. കഴിഞ്ഞ മൂന്നു തദ്ദേശ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ വ്യക്തമായ മുന്നേറ്റം സ്ഥിരതയോടെ നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. പാലക്കാട്, പന്തളം നഗരസഭകളിൽ ഭരണം നേടുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. 2016-ല്‍ നിയമസഭയിലേക്ക് ആദ്യമായി ബിജെപി പ്രതിനിധിയുണ്ടായി. 2021-ല്‍ അത് നഷ്ടമായെങ്കിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയംകണ്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാംസ്ഥാനത്താണ്. അതിനാല്‍, ഈ തദ്ദേശതിരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ സെമിഫൈനല്‍ മത്സരമാക്കി ഏറ്റെടുക്കുന്നത് ബിജെപിയാണ്.
തദ്ദേശതലത്തില്‍ പരമാവധി അംഗങ്ങളും വോട്ടുവിഹിതവും സ്വന്തമാക്കണം. അതുവഴി, നിയമസഭാ തിരഞ്ഞെടുപ്പാകുന്ന ഫൈനല്‍റൗണ്ടില്‍ കുറഞ്ഞത് ആറുസീറ്റിലെങ്കിലും വിജയം. അതിനാല്‍, ഈ തദ്ദേശതിരഞ്ഞെടുപ്പ് വെറുമൊരു സെമിഫൈനല്‍ മത്സരമല്ല. മൂന്നു മുന്നണികള്‍ക്കും കൃത്യമായ ലക്ഷ്യമുള്ള ജീവന്മരണപ്പോരാട്ടമാണ്. തിരഞ്ഞെടുപ്പിലെ മേല്‍ക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കുതിച്ചിറങ്ങാനുള്ള ഊര്‍ജമാകുമെന്ന് എല്‍ഡിഎഫിനും യുഡിഎഫിനും അറിയാം.
