തദ്ദേശ സേവനങ്ങൾ ഇനി ഓൺലൈനിൽ; കെ- സ്മാർട്ട് പദ്ധതിക്ക് തുടക്കമായി
കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ ജനങ്ങളിലേക്കെത്തുന്ന കെ-സ്മാർട്ട് പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ- സ്മാര്‍ട്ട് ആപ്പ് ഉദ്ഘാടനം ചെയ്തത്.
ഇൻഫർമേഷൻ കേരള മിഷനാണ് കെ- സ്മാർട്ട് ആപ് വികസിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ ഇനി ജനങ്ങളിലേക്കെത്തുന്ന തരത്തിലാണ് കെ- സ്മാർട്ട് ആപ്പിന്റെ പ്രവർത്തനം. ആദ്യം കോർപ്പറേഷനുകളിലും നഗരസഭകളിലുമാണ് കെ- സ്മാർട്ടിന്റെ സേവനം ലഭിക്കുക. ഏപ്രിൽ ഒന്നുമുതൽ മുഴുവൻ പഞ്ചായത്തുകൾ കൂടി കെ-സ്മാർട്ട് ആപ്പിന്റെ പരിധിയിലേക്കെത്തും.
തുടക്കത്തിൽ ജനന-മരണ, വിവാഹ രജിസ്ട്രേഷൻ, വ്യാപാര- വ്യവസായ ലൈസൻസ്, വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലഭിക്കുക.
കെ- സ്മാർട്ട് ആപ്പിലൂടെ സമർപ്പിക്കുന്ന അപേക്ഷകളുടെയും പരാതികളുടെയും നിലവിലെ സ്ഥിതി വിവരങ്ങൾ അപേക്ഷകന് വാട്സ്ആപ്പ്, ഇ-മെയിൽ എന്നിവയിൽ കൂടി എളുപ്പത്തിൽ ലഭ്യമാകും.
