കേരളത്തില്‍ എത്ര കലകളുണ്ട്, കലാകാരന്മാരെത്ര?: ഇനി ഉത്തരമുണ്ടാകും, വരുന്നു കണക്കെടുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ എത്ര കലകളുണ്ട്? കലാകാരന്മാരെത്ര? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല. ഈ കുറവുനികത്താന്‍ ഒരുങ്ങുകയാണ് കേരള സംഗീത നാടക അക്കാദമി. കേരളത്തിലെ കലകളെയും കലാകാരന്മാരെയും പഠിച്ച് വിശദ വിവരശേഖരണം അക്കാദമി നടത്തും. ഇതു രേഖയിലാക്കും.
ഓരോ കലാരൂപത്തിന്റെയും വകഭേദങ്ങളുടെ വിവരങ്ങളും ശേഖരിക്കും. ഓരോ പ്രദേശത്തും ആരൊക്ക, ഏതൊക്കെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തദ്ദേശസ്ഥാപന തലത്തിലാണ് പരിശോധിക്കുക. ഭാവിയിലേക്ക് ഉപയോഗിക്കത്തക്കവിധം കലാരൂപത്തിന്റെയും വ്യക്തികളുടെയും പൂര്‍ണവിവരം ഉള്‍പ്പെടുത്തും. ഫലത്തില്‍ കലകളുടെയും കലാരംഗത്തുള്ളവരുടെയും സമഗ്ര വിവരശേഖരവും ചരിത്രവുമാകുമിത്. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാദമിയുടെ ക്ഷേമകാര്യങ്ങള്‍ നടപ്പാക്കാനുമാകും.
ഷഡ്കാല ഗോവിന്ദമാരാരുടെ കാലംതൊട്ട് ഇപ്പോള്‍വരെ, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പതിമൂവായിരത്തോളം വാദ്യകലാകാരന്മാരുടെ വിവരം സന്തോഷ് ആലങ്കോട് ഡയറക്ടറായുള്ള എടപ്പാള്‍ സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യം തയ്യാറാക്കിയിട്ടുണ്ട്. വാദ്യകലയുടെ ഉത്ഭവവും പരിണാമവുമൊക്കെ ഇതിലുണ്ട്. വര്‍ഷങ്ങള്‍ വേണ്ടിവന്നു ഇതു തയ്യാറാക്കാന്‍. ചെണ്ട, മദ്ദളം, ഇടയ്ക്ക, തിമില, കൊമ്പ്, ഇലത്താളം, കുറുംകുഴല്‍, സോപാനസംഗീതംതുടങ്ങിയ മേഖലകളിലുള്ള കലാകാരന്മാരെയാണ് ഉള്‍പ്പെടുത്തിയത്.
സംഗീത നാടക അക്കാദമിയുടെ പഠനത്തില്‍ എല്ലാ വിഭാഗം കലാകാരന്മാരും ഉള്‍പ്പെടും. കെ.ടി.മുഹമ്മദ്, അക്കാദമിയുടെ അധ്യക്ഷനായിരിക്കേ ഇത്തരമൊരു ശ്രമം നടത്തിയെങ്കിലും അധികം മുന്നോട്ടുപോകാനായിരുന്നില്ല. ഒരോ ജില്ലയിലും അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത, കലാസമിതികളുടെ കൂട്ടായ്മ മുഖേനയാണ് വിവരം ശേഖരിക്കുക.
ഏതാനും ജില്ലകളിലൊഴികെ കേന്ദ്ര കലാസമിതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ബാക്കിയുള്ളയിടങ്ങളില്‍ സമിതിയുടെ ജില്ലാഘടകം ഉടന്‍ വരും. അക്കാദമിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും സമിതി സഹായിക്കും.
കലാകാരന്മാരെയും കലകളെയും കുറിച്ചുള്ള പഠനം സമഗ്രമായ ചരിത്രം കൂടിയാകും. അക്കാദമിക്ക് പല പദ്ധതികളുമുണ്ട്. നാടകോത്സവമായ ഇറ്റ്ഫോക്കിന് ശേഷം വാദ്യസംഗീതോത്സവം നടത്തുന്നതും പരിഗണനയിലാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പറഞ്ഞു.
