ചെണ്ടുമല്ലി പൂത്തുലഞ്ഞ് ആറളം ഫ്ളോറി വില്ലേജ്: വിപണി ലഭിക്കാതെ കർഷകർ

Share our post

ഇരിട്ടി : ആറളം ഫാം ബ്ലോക്ക് അമ്പത്തഞ്ചിലെ 15 ഏക്കർ പാടം ഇപ്പോൾ കർണാടകയിലെയും തമിഴ്‌നാട്ടിലെയും പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പാടത്തിന് സമാനമാണ്. ഓണം വിപണിയിലേക്ക് ഗുണ്ടൽപ്പേട്ടിൽനിന്ന് ചെണ്ടുമല്ലി കേരളത്തിലേക്ക് ഒഴുകിയപ്പോൾ ആറളത്തെ പൂക്കൾ വിപണി കാണാതെ കഷ്ടപ്പെടുകയാണ്.

ആറളം ഫാം പുനരധിവാസ മേഖലയിൽ നടപ്പിലാക്കുന്ന ഫ്ളോറി വില്ലേജിൽ ഓണം കഴിഞ്ഞിട്ടും പൂത്തുലഞ്ഞ തോട്ടങ്ങളിൽ വിളവെടുപ്പിന് പാകമായി നിൽക്കുന്നത് ഒരു ടണ്ണോളം വരുന്ന ചെണ്ടുമല്ലിപ്പൂക്കൾ. ഇവ വിറ്റഴിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാലാളികളും കൃഷിവകുപ്പും.

ഓണം വിപണി ലഷ്യമാക്കി വിത്തിട്ട ചെണ്ടുമല്ലിക്കൃഷിക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ വിളവ് ലഭിച്ചെങ്കിലും വിപണിയിലെ കടുത്ത മത്സരം വിൽപ്പനയെ കാര്യമായി ബാധിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയിൽ എത്തിയ പൂക്കൾ ഇരിട്ടി ഉൾപ്പെടെ ജില്ലയിലെ വിപണിയിൽ ആറളം ഫ്ളോറി വില്ലേജിലെ പൂക്കൾക്ക് തിരിച്ചടിയായി. കടുത്ത മത്സരത്തിലും ഒരു ടണ്ണിന് മുകളിൽ ചെണ്ടുമല്ലി പൂക്കളാണ് തൊഴിലാളികൾ ഓണത്തിന് വിറ്റത്.

ഇവിടെയുള്ള പൂക്കൾ വിറ്റഴിക്കാൻ പുതിയ വഴികൾ തേടുകയാണ് കൃഷിവകുപ്പും കർഷകരും ഗ്രാമപ്പഞ്ചായത്തും. ഇതിന്റെ തുടക്കം എന്ന നിലയിൽ കീഴ്‌പ്പള്ളിയിൽ ചെണ്ടുമല്ലി ചലഞ്ച് ആരംഭിച്ചു. പൂക്കൾ 50 രൂപയുടെ മാലകളാക്കി ടാക്‌സി സ്റ്റാൻഡിലും കടകളിലും വില്പന നടത്തുകയാണ്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ചലഞ്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസി മോൾ വാഴപ്പള്ളി, ജോസ് അന്ത്യാകുളം, ഇ.സി. അനീഷ്, കൃഷി അസിസ്റ്റന്റ് സുമേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് റഷീദ് പാനേരി, സംയുക്ത ഓട്ടോതൊഴിലാളി യൂണിയനുകൾ എന്നിവർ സംബന്ധിച്ചു.

നല്ല പ്രതികരണം ലഭിച്ചതോടെ ജനപ്രതിനിധികളുടെയും വിദ്യാർഥികളുടെയും എൻ.എസ്.എസിന്റെയും സഹായത്തോടെ ഇരിട്ടി, മട്ടന്നൂർ, കണ്ണൂർ ഉൾപ്പെടെ വിവിധ മാർക്കറ്റുകളിൽ ചെണ്ടുമല്ലി ചലഞ്ച് നടത്താൻ ഒരുങ്ങുകയാണ് കൃഷിവകുപ്പും തൊഴിലാളികളും.

കർഷകർക്ക് നഷ്ടംവരുന്ന സാഹചര്യം ഉണ്ടായാൽ മേഖലയിൽ നടത്തുന്ന മറ്റ് കൃഷികളേയും ബാധിക്കുമെന്ന് കൃഷി അസിസ്റ്റന്റ് സുമേഷ് പറഞ്ഞു.

ആറളം ഫാം ഫ്ളവർ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

 251-ഓളം അംഗങ്ങളുള്ള ആറളം ഫാം ഫ്ളവർ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ ഒ.ടി. കുമാരൻ (സെക്ര.), ഷൈല ഭരതൻ (ഖജാ.) എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ കമ്മിറ്റിയാണ് ഉത്പന്നങ്ങളുടെ വില്പനയും മറ്റും നിയന്ത്രിക്കുന്നത്. ഏകദേശം 40 ഏക്കർ ഇപ്പോൾ കൃഷിയോഗ്യമാക്കി മാറ്റിയതിൽ 15 ഏക്കർ ചെണ്ടുമല്ലിയും 25 ഏക്കറോളം സ്ഥലത്ത്‌ ചെറുധാന്യങ്ങളായ തിന, ചാമ, മുത്താറി എന്നിവയുമാണ്‌ണ് കൃഷി ഇറക്കിയിരിക്കുന്നത്. 11 യൂണിറ്റ് വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കൃഷിയുടെ പരിപാലനച്ചുമതല.

വെല്ലുവിളി

ഒരുകോടിയിലധികം രൂപ ചെലവിൽ കൃഷിവകുപ്പും ടി.ആർ.ഡി.എമ്മും ആറളം ഗ്രാമപ്പഞ്ചായത്തും എൻ.ആർ.ഇ.ജി.യും ചേർന്ന് നടപ്പിലാക്കി വന്ന സ്വപ്നപദ്ധതിയാണിത്.

പൂക്കളുടെ വ്യാപകമായ മോഷണം, വന്യമൃഗങ്ങൾ വന്യമൃഗങ്ങൾ കൃഷിനശിപ്പിക്കുന്നതും കാലാവസ്ഥയിൽ വരുന്ന വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതയുമായിരുന്നു ആദ്യത്തെ വെല്ലുവിളി.

ഓണം കഴിഞ്ഞിട്ടും പൂത്തുലയുന്ന ഫ്ലോറി വില്ലേജിലെ ടൺകണക്കിന് പൂക്കൾ അഴുകിപ്പോകാതെ വിറ്റഴിക്കുക എന്ന പുതിയ ചലഞ്ച് നേരിടുകയാണ് ആറളം ഫാം ഫ്ളവർ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!