‘എൻ്റെ ഡ്രൈവിങ് അത്ര സൽപ്പേരുള്ളതല്ല, സ്പീഡ് ഇഷ്ടമാണ്, ഞാൻ നന്നാവാൻ തീരുമാനിച്ചു’: മമ്മൂട്ടി

Share our post

കൊച്ചി: സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസിഡറായി തന്നെ തിരഞ്ഞെടുത്തെന്ന് കേട്ടപ്പോൾ പേടിച്ച് പോയെന്ന് നടൻ മമ്മൂട്ടി. തന്റെ ഡ്രൈവിങ്ങിന് അത്ര സൽപേരല്ല ഉള്ളതെന്നും നടൻ മമ്മൂട്ടി രസകരമായി ചൂണ്ടിക്കാണിച്ചു. റോഡ് സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ‘ജീവ – സുയാത്ര മിഷൻ’ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീഡ് ഇഷ്ടമാണെന്നു ഏതായാലും താൻ നന്നാവാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.താൻ വളരെ ആവേശത്തോടെ വണ്ടി ഓടിക്കുന്ന ആളാണ്. പക്ഷേ സ്പീഡ് ഉണ്ടെങ്കിലും ജാഗ്രതയും ഏകാഗ്രതയും വേണം. അപകടങ്ങൾ ഉണ്ടാകുന്നത് 99ശതമാനവും മനുഷ്യരുടെ പിഴവ് കൊണ്ടാണ്. യന്ത്രങ്ങളുടെ പിഴവ് ഒരു ശതമാനമേയുള്ളുവെന്നും മമ്മൂട്ടി ചൂണ്ടിക്കാണിച്ചു.

‘സുയാത്ര മിഷൻ്റെ ബ്രാൻഡ് അംബാസിഡറായി എന്നെ തിരഞ്ഞെടുത്തെന്ന് കേട്ടപ്പോൾ ഞാൻ തന്നെ പേടിച്ച് പോയി. വേറൊന്നുമല്ല എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരുള്ളതല്ല. സ്പീഡ് ഇഷ്ടമാണ്. സ്പീഡുണ്ടെങ്കിലും ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയും വേണം. പവർ ഹോൾഡ് ചെയ്യുമ്പോൾ അതിലൊരു ഉത്തരവാദിത്തം ഉണ്ടെന്ന് മനസിലാക്കിയാൽ വലിയ അപകടങ്ങൾ ഉണ്ടാകാതെ പോകാം. ഇങ്ങനെയാണ് ഞാൻ വണ്ടി ഓടിക്കാറ്. എന്നാൽ ഈയടുത്ത കാലത്തായി വണ്ടി ഓടിക്കാറില്ല. കാരണം ഒരുപാട് വാഹനങ്ങൾ ആയപ്പോൾ ഒരുപാട് തിരക്കുകളുള്ള വീഥികളായി. റോഡ് എത്ര നന്നാക്കിയാലും വാഹനങ്ങൾ കൂടുമ്പോൾ സ്വാഭാവികമായും അപകടവും കൂടും. റോഡപകടങ്ങളിൽ 99% പിഴവും മനുഷ്യന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകുന്നത്. നമ്മുടെ സുരക്ഷ എന്നത് മറ്റുള്ളവരുടെ കൈകളിലാണെന്ന് കരുതി റോഡിലൂടെ നടക്കരുത്. വീട്ടിലെ കോറിഡോറിലൂടെയോ ഡൈനിങ് റൂമിലോ നടക്കുന്നത് പോലെയാണ് പലരും റോഡിലൂടെ നടക്കുന്നത്. നമ്മുടെ സുരക്ഷ നമ്മൾ കൂടെ നോക്കണം. വീതി കൂടിയ റോഡികളിലൂടെയും മത്സരയോട്ടം നടത്തുന്ന ബസുകളുണ്ട്. ഇത്തരം മത്സരഓട്ടത്തിലാണ് അപകടങ്ങൾ കൂടുന്നത്. നമ്മളെ പോലെയാണ് റോഡിലൂടെ പോകുന്ന ആളുകളുടെ മനസും അവരുടെ കുടുംബവും എന്ന് ചിന്തിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളൂ. എന്നെ ഏൽപ്പിച്ചത് വലിയൊരു ഭാരമാണ്. ഞാൻ ആദ്യം നന്നാവണമല്ലോ ഞാൻ നന്നാവാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഏറ്റവും അപകടം കുറഞ്ഞ, തീരേ അപകടമില്ലാത്ത സംസ്ഥാനമായി കേരളം മാറട്ടെ’- മമ്മൂട്ടി പറഞ്ഞു.

‘എന്നോട് ആരോ പറഞ്ഞു. ബസിന്റെ സമയം കൊടുക്കുന്നതു കൊണ്ടാണ് കുഴപ്പം. അതും കുറച്ചുകൂടെ വേണമെങ്കിൽ ശ്രദ്ധിക്കാം. തുടരെ തുടരെ മൂന്ന് മിനിറ്റ് മൂന്ന് മിനിറ്റ് വെച്ച് ബസുകൾ വരുമ്പോൾ സ്വാഭാവികമായിട്ടും അവർ കുറച്ചുകൂടെ വേഗത്തിൽ പോകും. മറ്റുള്ള ബസുകാർ അതിന്റെ പുറകെ മത്സരഓട്ടം നടത്താൻ സാധ്യതയുണ്ട്. അതൊക്കെ വേണമെങ്കിൽ നിയന്ത്രിക്കാം. അല്ലെങ്കിൽ റൂട്ടുകൾ മാറ്റി കൊടുക്കാം. കുറച്ചുകൂടെ ശ്രദ്ധ ചെലുത്തിയാൽ അതിന് കഴിയുമെന്നാണ് തോന്നുന്നത്. ഇതൊന്നും ആധികാരികമായി പറയാൻ ഞാൻ ഒരു വിദഗ്ധനൊന്നുല്ല. ഒരു സാധാരണയാൾ എന്ന നിലയിൽ പറയുകയാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!