കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് സി.പി.എമ്മിനൊപ്പം ചേര്‍ന്നു;ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യനാക്കി
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി.
കോണ്‍ഗ്രസ് അംഗമായി ജയിച്ച സജി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സി.പി.എമ്മിനൊപ്പം ചേര്‍ന്നു. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ആയിരുന്നു സജി കുളത്തിങ്കല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിറ്റാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി സജി കുളത്തിങ്കല്‍ അവകാശവാദം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരുന്നില്ല.
യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും തര്‍ക്കം മുതലെടുത്ത് സി.പി.എം സജിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് സജി സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു.
ഇതിനെതിരെ കോണ്‍ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇയാളെ അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്കാണ് അയോഗ്യത.
