പണി കുറഞ്ഞു, മൂർച്ച യന്ത്രങ്ങളും നാടുവിട്ടു
കണ്ണൂർ: വിറകുവെട്ടുകാർക്കും കേബിൾ കുഴിയെടുക്കുന്നവർക്കും പിന്നാലെയെത്തിയ അതിഥിത്തൊഴിലാളികളായിരുന്നു കത്തി കടയിക്കുന്നവർ. സൈക്കിൾ ചക്രം ഘടിപ്പിച്ച ‘മൂർച്ച യന്ത്രം’ ചുമലിലേറ്റി നഗരങ്ങളിലും ഗ്രാമങ്ങളിലും കറങ്ങിയ മറുനാടൻ തൊഴിലാളികൾ ഇന്ന് അപൂർവമാണ്.
തൊഴിലിടങ്ങളിലും വീടുകളിലുമെത്തിയായിരുന്നു കത്രികകളും കത്തികളും മൂർച്ച കൂട്ടിയിരുന്നത്.
കൃഷിപ്പണിയും മറ്റും വ്യാപകമായിരുന്ന കാലത്ത് കള വെട്ടുന്നതും നെല്ല് കൊയ്‌തെടുക്കുന്നതും മറ്റും വെട്ടുകത്തിയും അരിവാളുമൊക്കെ ഉപയോഗിച്ചാണ്. വെള്ളനിറത്തിലുള്ള പ്രത്യേകതരം കല്ലുകൾ (വെങ്കല്ല്) പൊടിച്ച് അതിൽ ഉരച്ചെടുത്താണ് ആദ്യകാലത്ത് ഇവ മൂർച്ച കൂട്ടിയിരുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെത്തിയതോടെ മരത്തിൽ കല്ലുപൊടിയിട്ട് അരംപിടിക്കുന്ന രീതിക്കു മാറ്റമുണ്ടായെങ്കിലും ഗ്രാമങ്ങളിലും മറ്റും പിന്നീടും ആ രീതി തന്നെ തുടർന്നിരുന്നു.
സൈക്കിൾ ചക്രം ഘടിപ്പിച്ച ഉരകല്ലുകളുമായാണ് അയൽസംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികളെത്തിയത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ജില്ലയിൽ കൂടുതലായും ഈ തൊഴിലിനായി എത്തിയിരുന്നത്. വലിയ പാടശേഖരങ്ങളുള്ള ഗ്രാമങ്ങളിലും ബീഡിക്കമ്പനികളിലും മറ്റും ഇവർ സ്ഥിരമായി എത്തിയിരുന്നു. ബീഡിക്കമ്പനികളുടെ പ്രതാപകാലത്ത് ഇവർക്ക് നന്നായി പണിയും ലഭിച്ചു. നല്ല മൂർച്ചയില്ലെങ്കിൽ ഇല മുറിക്കുന്നത് പ്രയാസമായതിനാൽ തൊഴിലാളികൾ ഇടക്കിടെ കത്രിക കടയിച്ചിരുന്നു.
ബീഡിത്തൊഴിൽ ക്ഷയിച്ചതോടെ മൂർച്ചകൂട്ടൽ പണിയും പുല്ല് വെട്ടുന്ന യന്ത്രങ്ങളൊക്കെ വ്യാപകമായതോടെ നാടൻ പണിക്കാരും നന്നേ കുറഞ്ഞു. വീടുകളിൽ മീൻ മുറിക്കുന്നതുൾപ്പെടെ കത്രിക ഉപയോഗിച്ചായതോടെ ആ വഴിക്കുള്ള സാധ്യതയും ഇല്ലാതായി.
നേരത്തേയെത്തിയ തൊഴിലാളികളിൽ പലരും ഇവിടെ കുടുംബസമേതം താമസിക്കുന്നുമുണ്ട്. പണി കുറഞ്ഞതോടെ മറ്റു പല തൊഴിലിലേക്കും തിരിഞ്ഞവരും ഏറെ. നേരത്തെയുണ്ടായിരുന്ന പണിയുടെ നാലിലൊന്നു കുറഞ്ഞതായി തെലങ്കാന സ്വദേശി ആനന്ദ് പറയുന്നു.
