ട്രെയിനുകളുടെ വേഗം കൂട്ടാൻ ലിഡാർ സർവേ തുടങ്ങി

Share our post

കണ്ണൂർ : ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള സർവേ കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടങ്ങി. ഇന്നു വൈകിട്ടോടെ പൂർത്തിയാകുമെന്നു പ്രതീക്ഷ. വളവുകൾ നിവർത്തുന്നതിനു വേണ്ടിയാണ് സർവേ നടത്തുന്നത്.

ഹെലികോപ്റ്റർ ഉപയോഗിച്ച് ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സംവിധാനത്തിലൂടെയാണു സർവേ നടത്തുന്നത്.ഹൈദരാബാദിലെ ആർവി അസോഷ്യേറ്റ്സിനാണ് സർവേ ചുമതല. ചിപ്സൺ ഏവിയേഷനാണ് ഹെലികോപ്റ്റർ ലഭ്യമാക്കിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട ഹെലികോപ്റ്റർ ഇന്നലെ കാസർകോടിനും കണ്ണൂരിനും ഇടയിലായിരുന്നു സർവേ നടത്തിയത്.

ഇന്ന് കോഴിക്കോട് ഭാഗത്തും സർവേ നടത്തിയ ശേഷം ഹെലികോപ്റ്റർ തിരികെപ്പോകും.ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ലഭ്യമാവും എന്നതാണ് ലിഡാർ സർവേയുടെ പ്രത്യേകത. മരങ്ങൾ, നദികൾ, റോഡുകൾ, നീർത്തടങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതി ലൈനുകൾ, പൈതൃക മേഖലകൾ എന്നിവയെല്ലാം കൃത്യമായി നിർണയിക്കാനാകും. മരങ്ങൾ മൂടിനിന്നാലും താഴെയുള്ള പ്രദേശങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയും.

ഇന്നലെ ഉച്ചയോടെയാണ് ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് മേഖലകളിൽ ഹെലികോപ്റ്റർ താഴ്ന്നുപറക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർച്ചയായി സാധാരണയിലും താഴ്ന്നു പറക്കുന്നതു കണ്ടതോടെ നാട്ടുകാർ ആശങ്കയിലായി. ചിലർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, പൊലീസിനും കൃത്യമായ വിവരം കിട്ടിയില്ല.

പരമാവധി ചെലവു കുറച്ചും ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കിയും ട്രാക്കിലെ വളവുകൾ നിവർത്താനുള്ള രൂപരേഖ ഇതിലൂടെ തയാറാക്കാൻ സാധിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞ ദിവസം സർവേ നടന്നിരുന്നു. സംസ്ഥാനം മുഴുവൻ സർവേ പൂർത്തിയാക്കി റിപ്പോർട്ട് ഒക്ടോബറോടെ റെയിൽവേ മന്ത്രാലയത്തിനു ‌‍സമർപ്പിക്കും. വിശദമായ പദ്ധതി റിപ്പോർട്ടും ഈ വർഷം തന്നെ സമർപ്പിക്കും.

കൊടും വളവുകളുള്ള ഭാഗങ്ങളിൽ രണ്ടുവർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാമെന്നാണു പ്രതീക്ഷ. അഞ്ചു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ‍കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ കൊടുംവളവുകൾ കുറവാണ്. 110 കിലോമീറ്റർ വേഗത്തിൽ വരെ ഈ റൂട്ടിൽ നിലവിൽ ട്രെയിൻ ഓടുന്നുണ്ട്. 120 കിലോമീറ്റർ വേഗപരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!