ആധാരങ്ങളിൽ കെട്ടിടങ്ങൾക്ക് വില നിർബന്ധം

Share our post

തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങൾക്ക് കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ കഴിഞ്ഞ സാമ്പത്തികവർഷം രജിസ്‌ട്രേഷൻ വകുപ്പിന് നേട്ടമായി. ഈയിനത്തിലെ വരവും രജിസ്ട്രേഷൻ വകുപ്പിന്റെ റെക്കോഡ് വരുമാനത്തിന് കാരണമായി.

പൊതുമരാമത്ത് നിരക്ക്; ഓലക്കെട്ടിടം ഒഴിവാക്കി

മുദ്രപ്പത്ര നിയമപ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പിന്റെ നിരക്കനുസരിച്ച് ചേർക്കണം. ആദ്യം ഫ്ളാറ്റുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കുമാണിത് ബാധകമാക്കിയത്. ക്രമേണ ഓലമേഞ്ഞത് ഒഴികെയുള്ള എല്ലാ കെട്ടിടങ്ങൾക്കും നിർബന്ധമാക്കി.

അംഗീകൃത എൻജിനിയർമാർ കെട്ടിടം പരിശോധിച്ച് നിശ്ചിത മാതൃകയിൽ മൂല്യനിർണയ സർട്ടിഫിക്കറ്റ് നൽകിയാലേ രജിസ്‌ട്രേഷൻ നടത്താനാവൂ. ഇതോടെ കെട്ടിടങ്ങൾക്കും എട്ടുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ടുശതമാനം രജിസ്‌ട്രേഷൻ ഫീസും നൽകണം.

വർഷങ്ങൾക്കു മുമ്പേ പൊതുമരാമത്ത് വകുപ്പിന്റെ നിരക്കിൽ മൂല്യനിർണയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും പലയിടത്തും ഇത് പാലിച്ചിരുന്നില്ല. ചതുരശ്രമീറ്ററിന് 50 രൂപവരെയാണ് ചില സ്ഥലങ്ങളിൽ ആധാരത്തിൽ ചേർത്തത്. ഇത് പിടിക്കപ്പെട്ടതോടെ സബ് രജിസ്ട്രാർമാർക്ക് രജിസ്‌ട്രേഷൻ വകുപ്പ് കർശന നിർദേശം നൽകി. ഇതോടെ യഥാർഥ വില ചേർക്കാൻ തുടങ്ങിയപ്പോൾ വരുമാനവും കൂടി.

വിലനിർണയത്തിൽ പരാതി

അതേസമയം കെട്ടിടവില നിശ്ചയിക്കുന്നതിനെപ്പറ്റി ആക്ഷേപങ്ങളുമുണ്ട്. കാലപ്പഴക്കംകൂടി പരിഗണിച്ചാണ് വില നിശ്ചയിക്കേണ്ടത്. പലകാരണങ്ങളാൽ വൈകി നമ്പർ കിട്ടിയ കെട്ടിടങ്ങൾക്ക് വില നിശ്ചയിക്കുന്നതിലാണ് അപാകം. സമീപകാലത്ത് അംഗീകാരം കിട്ടിയ കെട്ടിടത്തിന്റെ കാലപ്പഴക്കം നമ്പർ കിട്ടിയ ദിവസം തൊട്ടേ കണക്കാക്കൂ. ക്രമക്കേടുകാട്ടിയാൽ പിടിക്കപ്പെടുമെന്നായതോടെ രജിസ്‌ട്രേഷൻ വകുപ്പ് അംഗീകരിച്ച എൻജിനിയർമാർ മൂല്യനിർണയ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുന്നുണ്ട്. മൂവായിരത്തോളം എൻജിനിയർമാരെയാണ് നിശ്ചയിച്ചതെങ്കിലും എണ്ണൂറോളം പേരാണ് ഇപ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ സന്നദ്ധരായുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!