ഓപ്പൺ പോർട്ടൽ വഴിയുള്ള ഇ-കെ.വൈ.സി. നിർത്തി
കണ്ണൂർ: പി.എം. കിസാൻ സമ്മാൻനിധിയിൽ അംഗങ്ങളായവർക്ക് ഓപ്പൺ പോർട്ടൽ വഴി ഇ-കെ.വൈ.സി. സമർപ്പിക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ നിർത്തി. ഇനിയത് സമർപ്പിക്കാൻ അക്ഷയകേന്ദ്രങ്ങളിലോ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലോ നേരിട്ടെത്തണം. ഇ -കെ.വൈ.സി. നൽകാത്ത കർഷകർക്ക് പദ്ധതിവഴിയുള്ള സഹായധനം മുടങ്ങും. കർഷകരിലേക്ക് തന്നെയാണോ സഹായധനമെത്തുന്നതെന്നുറപ്പാക്കാൻ കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രം ഇ -കെ.വൈ.സി. നിർബന്ധമാക്കിയത്.
കർഷകകുടുംബങ്ങൾക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ ലഭിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 37.31 ലക്ഷം കർഷകർ ഇതിൽ അംഗങ്ങളാണ്.
മേയ് 31 വരെ നീട്ടി
പി.എം. കിസാൻ സമ്മാൻ നിധിയിലുള്ളവർക്ക് ഇ-കെ.വൈ.സി. സമർപ്പിക്കാൻ കേന്ദ്രം മേയ് 31-വരെ സമയമനുവദിച്ചു. ആധാർനമ്പരുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഇ-കെ.വൈ.സി. സമർപ്പിക്കാൻ കഴിയുക. ആധാറുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കാത്തവർ അതുചെയ്തശേഷം ആധാറും ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി എത്തിയാൽ ഇ -കെ.വൈ.സി. സമർപ്പിക്കാം.
