ഡിസംബർ ഒന്ന് മുതൽ ചെലവ് കൂടും; സാധാരണക്കാരെ ബാധിക്കാൻ പോകുന്ന പ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ ഇവയാണ്
2026 ഡിസംബർ മാസത്തോടെ രാജ്യത്ത് പ്രധാന സാമ്പത്തിക മാറ്റങ്ങൾ വരാൻ പോവുകയാണ്. സാധാരണക്കാരുടെ നിത്യജീവിതത്തെയും നിക്ഷേപങ്ങളെയും നേരിട്ട് ബാധിക്കുന്നവയാണ് ഇതെല്ലാം. ക്രെഡിറ്റ് കാർഡ് നിരക്കുകൾ, ആധാർ സേവനങ്ങൾ, പെൻഷൻ, ബാങ്ക് വായ്പാ പലിശ എന്നിവയിലുണ്ടാകുന്ന ആറ് പ്രധാന മാറ്റങ്ങൾ അറിയാം.
- എസ്ബിഐ ക്രെഡിറ്റ് കാർഡ് നിരക്കുകളിൽ മാറ്റം
ഡിസംബർ ഒന്ന് മുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇന്ധന, യാത്രാചെലവുകൾ വർദ്ധിച്ചേക്കാം. 30,000 രൂപയ്ക്ക് മുകളിലുള്ള ഒറ്റത്തവണ യാത്രാ ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഈടാക്കും. കൂടാതെ ഒരു ബില്ലിംഗ് സൈക്കിളിൽ ഇന്ധന ചെലവ് 50,000 രൂപ കവിഞ്ഞാൽ, ആകെ ഇന്ധന ചെലവിന്റെ ഒരു ശതമാനം ഫീസും നികുതിയും നൽകേണ്ടിവരും. ഉദാഹരണത്തിന് 60,000 രൂപയ്ക്ക് ഇന്ധനം വാങ്ങിയാൽ നികുതിക്ക് പുറമേ 600 രൂപ അധികമായി നൽകേണ്ടിവരും.
.അസംസ്കൃത വസ്തുക്കളുടെ വ്യാപാര നിയമങ്ങളിൽ മാറ്റം
ഡിസംബർ ഒന്ന് മുതൽ അസംസ്കൃത വസ്തുക്കളുടെ വ്യാപാരത്തിനുള്ള കുറഞ്ഞ പ്രാരംഭ മാർജിൻ നിരക്കുകൾ സെബി പരിഷ്കരിക്കും. വിലയിൽ ചാഞ്ചാട്ടം കുറഞ്ഞ അസംസ്കൃത വസ്തുക്കളുടെ ആറ് ശതമാനവും, ഇടത്തരം വിഭാഗത്തിന് എട്ട് ശതമാനവും, ഉയർന്ന ചാഞ്ചാട്ടമുള്ളവയ്ക്ക് 10 ശതമാനവുമായിരിക്കും പുതിയ മാർജിൻ നിരക്ക്.
- പ്രവാസി നിക്ഷേപകർക്ക് എളുപ്പത്തിൽ ഡിജിറ്റൽ കെവൈസി
ഡിസംബർ മൂന്ന് മുതൽ യോഗ്യരായ പ്രവാസികൾക്കും, ഒസിഐ കാർഡ് ഉടമകൾക്കും വിദേശ നിക്ഷേപകർക്കും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനുള്ള കെവൈസി നടപടികൾ ഓൺലൈനായി പൂർത്തിയാക്കാം. ഇതിനായി നരിട്ട് ഇന്ത്യയിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് സെബി വ്യക്തമാക്കി.
- ആധാർ ഇ-മെയിൽ അപ്ഡേറ്റ് സൗജന്യം
ഔദ്യോഗിക ആധാർ മൊബൈൽ ആപ്പ് വഴി ഇ-മെയിൽ വിലാസം പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കിയ ആനുകൂല്യം 2026 ഡിസംബർ 31ന് അവസാനിക്കും. ഇ-മെയിൽ വിലാസം പുതുക്കാൻ താൽപ്പര്യമുള്ളവർ ഈ സമയപരിധിക്കുള്ളിൽ ഫീസില്ലാതെ സേവനം ഉപയോഗപ്പെടുത്താം. മറ്റു ആധാർ സേവനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.
- പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കേറ്റ്
കേന്ദ്ര സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വഴിയോ മറ്റ് അംഗീകൃത മാർഗങ്ങളിലൂടെയോ ഇത് സമർപ്പിക്കാത്ത പക്ഷം പ്രതിമാസ പെൻഷൻ മുടങ്ങാൻ സാദ്ധ്യതയുണ്ട്.
- റിസർവ് ബാങ്ക് യോഗം
ഡിസംബർ രണ്ട് മുതൽ നാലുവരെ റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. റിപ്പോ നിരക്കിൽ ആർബിഐ വരുത്തുന്ന മാറ്റങ്ങൾ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കിനെയും പ്രതിമാസ തിരിച്ചടവിനെയും ഇത് നേരിട്ട് സ്വാധീനിക്കും.
