ഉറ്റവർക്കരികിലേക്ക് ചേതനയറ്റ് സങ്കീർത്തയുടെ മടക്കം; ഹേമന്ദിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിക്കും; 10 പേരുടെ മൃതദേഹങ്ങൾക്കായി കാത്തിരിപ്പ്
ദുബായ് :റാസൽഖൈമ ബസ് ദുരന്തത്തിൽ മരിച്ച കംപ്യൂട്ടർ സയൻസ് എൻജിനീയറായ തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷി (26)ന്റെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. അതേസമയം ബാക്കി 10 പേരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് ഇനി രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇവരിൽ ഹേമന്ദിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിൽ കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നതായി ഇതിന് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പറഞ്ഞു.
നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ കഴിയുമെന്ന് കരുതിയിരുന്നെങ്കിലും സാധിച്ചില്ല. ആവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി റാസൽഖൈമ അധികൃതരിൽ നിന്ന് മരണസർട്ടിഫിക്കറ്റും എൻഒസിയും ലഭിക്കാത്തതാണ് ഇതിന് കാരണം. നടപടികൾ വേഗത്തിൽ ലഭ്യമാക്കാൻ വിദേശകാര്യ വകുപ്പും ഇന്ത്യൻ കോൺസുലേറ്റും പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മരിച്ചവരുടെ ബന്ധുക്കളെ അറിയിച്ചു.
വാരാന്ത്യ അവധിയായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പ്രാദേശിക സർക്കാർ ഓഫിസുകളുടെ പ്രവർത്തനം ഉണ്ടാകില്ല എന്നതാണ് അനുമതി പത്രം ലഭിക്കാത്തതിന് കാരണമായത്. തുടർന്ന്, വരുന്ന തിങ്കളാഴ്ചയോടെ ആവശ്യമായ എല്ലാ രേഖകളും ശേഖരിച്ച് നടപടികൾ പൂർത്തിയാക്കാനാണ് കോൺസുലേറ്റിന്റെ ശ്രമം. വിഷയം അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നും തുടർന്നുള്ള പുരോഗതി ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ കേടായതിനെ തുടർന്ന് അൽ വതൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ വീസ മാറ്റത്തിനും പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുമായി ഒമാനിൽ പോയി മടങ്ങുകയായിരുന്ന 41 പ്രവാസികൾ യാത്ര ചെയ്ത ബസ് ഇടിച്ചുണ്ടായ ദാരണ അപകടത്തിൽ 11 ഇന്ത്യക്കാരടക്കം 13 പേരാണ് മരിച്ചത്. ഇതിൽ 4 പേർ മലയാളികളാണ്. 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില ഭേദപ്പെട്ടുവരുന്നു.
ഉമ്മുൽഖുവൈനിൽ ബിസിനസ് നടത്തുകയായിരുന്ന കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് കൊളങ്ങരാടി (53), ദുബായിൽ മെക്കാനിക്കൽ എൻജിനീയറായ കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കംപ്യൂട്ടർ സയൻസ് എൻജിനീയറായ തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
