ഡ്രൈവിങ് ടെസ്റ്റ്: ‘ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്’ നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടും

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിവെക്കാൻ ധാരണയായി. ഡിസംബർ ഒന്നു മുതൽ നടപ്പിലാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ടെസ്റ്റ് നീട്ടിവെക്കാൻ തീരുമാനമായത്. ഇതോടെ നിലവിലുള്ള രീതിയിൽ തന്നെ ഡ്രൈവിങ് ടെസ്റ്റുകൾ തുടരും.

ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്നതാണ് ഹസാർഡ് പെർസെപ്ഷൻ പരിശീലനം. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക.

എങ്ങനെയാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്

വാഹനം ഓടിക്കുന്നതിനിടെ നേരിടാൻ സാധ്യതയുള്ള അപകടങ്ങളും വെല്ലുവിളികളും മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവാണ് ഈ പരീക്ഷയിലൂടെ വിലയിരുത്തുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെയാണ് ടെസ്റ്റ് നടത്തുക. ലേണേഴ്സ് പരീക്ഷ വിജയിച്ച് 30 ദിവസം പൂർത്തിയാകുമ്പോൾ അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിൽ പങ്കെടുക്കാം. വ്യത്യസ്ത അപകടസാഹചര്യങ്ങൾ ചിത്രീകരിച്ച 10 വിഡിയോകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!